കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് അലുംനി അസോസിയേഷൻ സംഘടിപ്പിച്ച ആഗോള സമ്മേളനം ബദാം മരത്തണലിൽ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യുന്നു
കോഴഞ്ചേരി: കാമ്പസിലെ ബദാം മരത്തണലിൽ പതിറ്റാണ്ടുകൾക്ക് ശേഷം ഒത്തുകൂടിയവർ ഓർമ്മകൾ തട്ടിയുണർത്തി. മാറിയ മുഖങ്ങൾ അനുഭവങ്ങളിലൂടെ വീണ്ടും കൗമാരത്തിലേക്ക് ഊളിയിട്ടു. ചിലർ സഹപാഠികളെ തേടി അലഞ്ഞു. പഴയ മുറ്റവും മരങ്ങളും ക്ളാസ് മുറികളും വള്ളപ്പുരയും പ്രണയിച്ച ഒളിയിടങ്ങളും വീണ്ടും തേടി. കോഴഞ്ചേരി സെന്‍റ് തോമസ് കോളജിൽ ശനിയാഴ്ച പൂർവവിദ്യാർത്ഥികളും ജീവനക്കാരും നിറഞ്ഞുനിന്നു. എങ്ങും സന്തോഷം പടർന്നു. പോയ് മറഞ്ഞ സുഖദുഖ സമ്മിശ്ര ജീവിതം അയവിറക്കി വീണ്ടും ഒരുവട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് എത്താമെന്ന ആഗ്രഹത്തിൽ വൈകുന്നേരത്തോടെ കാമ്പസ് വിട്ടു വീടുകളിലേക്ക് മടങ്ങി.
കോളേജ് അലുംനി അസോസിയേഷൻ സംഘടിപ്പിച്ച ആഗോള സമ്മേളനം 'ബദാം മരത്തണലിൽ' രാവിലെ 9.30ന് തുടങ്ങി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം നിർവഹിച്ചു. ഓർമ്മകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് സമൂഹത്തിലേക്ക് പ്രകാശം പരത്തുന്നവരാകുമ്പോളാണ് കലാലയ പ്രവർത്തനങ്ങൾ ധന്യമാകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കോളജിലെ ബദാം മരത്തണലിൽ ഒത്തുകൂടിയ പൂർവഅധ്യാപകരും വിദ്യാർത്ഥികളും
പൂർവവിദ്യാർത്ഥി സംഗമം കോളേജ് മുറ്റത്തെ ബദാം മരത്തണലിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷൻ ചെയർമാൻ വിക്റ്റർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോർജ് കെ. അലക്സ്, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, അലുംനി ജനറൽ സെക്രട്ടറി റജി താഴമൺ, കോളേജ് ട്രഷറർ ഡോ. ജോസഫ് ജോർജ് പൊയ്യാനിൽ, ശശിധരൻ നായർ, പ്രൊഫ. ജോർജ് വർഗീസ്, കെ.ആർ. അശോകകുമാർ, സാം കടമ്മനിട്ട തുടങ്ങിയവർ സംസാരിച്ചു.
നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർഥികളെ അനുമോദിച്ചു. ബുക്ക് എക്സിബിഷൻ, കോളേജിൽ നിന്നും പ്രസിദ്ധീകരിച്ച മാഗസിനുകൾ, കയ്യെഴുത്തു പതിപ്പുകൾ എന്നിവയുടെ പ്രദർശനം ശ്രദ്ധേയമായി. ഫാ. രജി സാൻ ഫിലിപ്പോസ്, ജെയിംസ് ജോർജ്, കെ.എൻ പ്രമോദ് കുമാർ എന്നിവർ നേതൃത്വം നൽകിയ 'ചിത്രമെഴുത്ത്' സവിശേഷമായ അനുഭവമായി. മുൻകാലതാരങ്ങളും നിലവിലുള്ള കോളേജ് ടീമും പങ്കെടുത്ത വോളിബോൾ പ്രദർശന മത്സരം ആവേശമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.