ചിറ്റാർ: ഉന്നത നിലവാരത്തിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ തണ്ണിത്തോട് മൂഴി - തേക്കുതോട് റോഡിന്റെ രണ്ടിടത്ത് വശങ്ങൾ തകർന്ന് കല്ലാറിൽ പതിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഒരു വശത്തെ മലയിൽനിന്ന് റോഡിൽ മണ്ണിടിച്ചിലുമുണ്ടായി. തേക്കുതോട്ടിലേക്കുള്ള റോഡിന്റെ വലതുഭാഗത്ത് ഉരുൾപൊട്ടൽ പോലെയാണ് 20 മീറ്റർ നീളത്തിൽ ഒരു ഭാഗത്തും 10 മീറ്റർ നീളത്തിൽ മറ്റൊരുവശത്തും മണ്ണിടിഞ്ഞത്.
ഏകദേശം 20 അടി താഴ്ചയിലൂടെ ഒഴുകുന്ന കല്ലാറിലേക്കാണ് റോഡിന് അടിത്തറയായി കെട്ടിയ കല്ലുകളും മണ്ണും ഇടിഞ്ഞത്. റോഡിനോട് ചേർന്ന താഴ്ചയിൽ താമസിക്കുന്ന തേക്കുതോട് തൂക്കനാൽ തോമസ് ഫിലിപ്പിന്റെ പറമ്പിന്റെ വശം തകർത്താണ് കല്ലും മണ്ണും കല്ലാറിൽ പതിച്ചത്. ഇവിടെയുണ്ടായിരുന്ന റബർ ഷീറ്റ് ഷെഡും മെഷീനും പുകപ്പുരയും ആറ്റിലൂടെ ഒഴുകിപ്പോയി. ടാപ്പിങ് നടത്തുന്ന 20 മൂട് റബർ മരങ്ങളും കടപുഴകി.
റോഡിന് അടിയിലെ മണ്ണും കല്ലുകളും ഒലിച്ചുപോയതിനാൽ ഈ ഭാഗത്ത് ഗതാഗതം ഒറ്റവരിയാക്കി. നിരവധി വാഹനങ്ങളും ബസുകളും പോകുന്ന റോഡിലെ യാത്ര അപകടം നിറഞ്ഞതാണ്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെ പെയ്ത കനത്ത മഴയിലാണ് റോഡ് തകർന്നതെന്ന് തോമസ് ഫിലിപ്പ് പറഞ്ഞു.
റോഡിന്റെ ഒരുവശം മലയാണ്. ഇവിടെ നിന്ന് മണ്ണിടിഞ്ഞും മരം ഒടിഞ്ഞും റോഡിൽ വീണത് നീക്കം ചെയ്തിട്ടുണ്ട്. രണ്ടുഭാഗത്തും വീപ്പയും വാട്ടർ ടാങ്കുകളും നിരത്തി അപകട മുന്നറിയിപ്പ് സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.