തിരുവല്ല: 35-ാമത് മലേഷ്യൻ അന്തർദേശീയ ഓപ്പൺ മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ലതിക ജ്യോതിസ് ട്രിപ്പിൾ ജംപിൽ സ്വർണ്ണവും ലോങ് ജംപിൽ വെള്ളിയും കരസ്ഥമാക്കി. മലേഷ്യയിലെ കോലാലംപൂരിൽ കഴിഞ്ഞ ശനി,ഞായർ ദിവസങ്ങളിലായിരുന്നു മത്സരം.
തിരുവല്ല അമൃത വിദ്യാലയത്തിലെ കായിക അധ്യാപികയാണ് ലതിക. നാട്ടിൽ മടങ്ങിയെത്തിയ ലതികക്ക് വിദ്യാർഥികളും നാട്ടുകാരും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും സ്‌കൂളിലേക്ക് തുറന്ന വാഹനത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. 50 വയസ്സിനു മുകളിലുള്ള വനിതകളുടെ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള 54കാരി ലതിക, ട്രിപ്പിൾ ജംപിൽ 7.42 മീറ്റർ മറികടന്നാണ് സ്വർണ്ണത്തിലേക്ക് എത്തിയത്.
4.42 മീറ്റർ ചാടി ലോങ് ജംപിൽ വെള്ളിയും കരസ്ഥമാക്കി. പച്ഛിമബംഗാളിൽ നടന്ന 42-ാമത് വെറ്ററൺസ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണവും, വെങ്കലവും കരസ്ഥമാക്കിയാണ് മലേഷ്യയിലെ അന്താരാഷ്ട്ര മത്സരത്തിൽ ഇടം പിടിച്ചത്. കേരളത്തിൽ നിന്നും ഒമ്പത് കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
തിരുവനന്തപുരം പൂന്തുറ പുതുവൽ സ്വദേശിനിയായ ലതിക ഇപ്പോൾ തുകലശ്ശേരിയിൽ വാടക വീട്ടിലാണ് താമസം. ജിനു സാമുവേലാണ് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ കൃത്യമായ പരിശീലനം നൽകുന്നത്. ജ്യോതിൻ, ജ്യോതി എന്നിവരാണ് മക്കൾ. മരുമകൻ ബാലമുരളിയാണ് അമ്മക്ക് പ്രോത്സാഹനവുമായി മകളോടൊപ്പം കൂടെയുള്ളത്. ഇനി നടക്കുന്ന വെറ്ററൺസ് ഒളിമ്പിക്‌സിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ലതിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.