തിരുവല്ല: നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പിൽ ഗ്രാമ പഞ്ചായത്തും മെംബർ സെക്രട്ടറിയും അടക്കം പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് മടിക്കുന്നതിന് പിന്നിൽ സി.പി.എം നേതാക്കളുടെ സമ്മർദമെന്ന ആരോപണം ഉയരുന്നു. സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി ഭരിക്കുന്ന പഞ്ചായത്തിൽ നടന്ന സി.ഡി.എസ് ഫണ്ട് തട്ടിപ്പ് കുടുംബശ്രീ ജില്ല മിഷൻ ഓഡിറ്റ് വിഭാഗം മൂന്നാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് പുറത്തുവന്നത്.
69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് കഴിഞ്ഞദിവസം ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പണാപഹരണം, വഞ്ചനക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തി സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജ, അക്കൗണ്ടന്റ് എ. സീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ജില്ല മിഷൻ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പ് ഉൾപ്പെടെ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ തിങ്കളാഴ്ച ഇതേ ആവശ്യം ഉന്നയിച്ച് മെംബർ സെക്രട്ടറിയും പരാതി നൽകി. അഴിമതിക്കാർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സർക്കാർ പ്രതിനിധിയായ മെംബർ സെക്രട്ടറിയും രേഖാമൂലം പരാതി നൽകിയിട്ടും കുറ്റാരോപിതരായ മൂവർക്കും എതിരെ കേസെടുക്കാൻ പൊലീസ് തയാറാകാത്തതാണ് സംഭവത്തിൽ സി.പി.എം നേതാക്കളുടെ ഇടപടൽ നടന്നെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്. തട്ടിപ്പിൽ ചില സി.പി.എം നേതാക്കൾക്കും പങ്കുണ്ട് എന്ന് പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും കോൺഗ്രസും നേരേത്തതന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിന്റെ നീക്കം.
അന്വേഷണം ശരിയായ ദിശയിൽ നടത്തിയാൽ തട്ടിപ്പ് കേസിൽ സി.പി.എം നേതാക്കളും അകപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. ലക്ഷങ്ങളുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കുടുംബശ്രീ ഓഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കേണ്ടതിന് പകരം അന്വേഷണത്തിനുശേഷമേ കേസെടുക്കാൻ കഴിയൂ എന്ന പൊലീസിന്റെ നിലപാടാണ് ആരോപണത്തിന് അടിസ്ഥാനം.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴയും കഴിഞ്ഞദിവസം ജില്ല വിജിലൻസ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ കേസ് എടുക്കാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.