തിരുവല്ല: പുളിക്കീഴിലെ ബാറിൽ മദ്യപിച്ച ശേഷം പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ തലവടി സ്വദേശികളായ ആറംഗ ഗുണ്ടസംഘം റിമാൻഡിലായി. തലവടി രാമഞ്ചേരിൽ വീട്ടിൽ ഷൈൻ (36), മകരച്ചാലിൽ വീട്ടിൽ സന്തോഷ് (42), ചിറപറമ്പിൽ വീട്ടിൽ സനൽകുമാർ (26), വിളയൂർ വീട്ടിൽ മഞ്ചേഷ് കുമാർ (40), വിളയൂർ വീട്ടിൽ ദീപു (30), എൺപത്തിയഞ്ചിൽ ചിറയിൽ ഷൈജു (42) എന്നിവരെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 10ഓടെ പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ബാറിലായിരുന്നു സംഭവം. വെയിറ്റർ കൊല്ലം സ്വദേശി ജോണിനാണ് മർദനമേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ ജോൺ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കാറിലെത്തിയ പ്രതികൾ മദ്യപിച്ച ശേഷം പണം നൽകാതെ ബാറിൽനിന്ന് മടങ്ങാനൊരുങ്ങി. ജീവനക്കാർ ചോദ്യം ചെയ്തതോടെ ഇവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബിയർ കുപ്പികൊണ്ട് തലക്കടിയേറ്റ് നിലത്തുവീണ ജോണിനെ പ്രതികൾ ചവിട്ടി. ബാർ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവർ എത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായ ആറ് പേർക്കെതിരെയും പുളിക്കീഴ്, എടത്വ, കോയിപ്രം സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പുളിക്കീഴ് എസ്.ഐ ജെ. ഷെജിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.