മല്ലപ്പള്ളി: വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വരളുന്നു. മല്ലപ്പള്ളി താലൂക്കിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂർ, കൊറ്റനാട്, പുറമറ്റം, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിലാണ് കുടിവെള്ള രൂക്ഷത അനുഭവിക്കുന്നത്. കുടിവെള്ള വിതരണ പദ്ധതികളുടെ പൂർണ പ്രയോജനം പലയിടത്തും ലഭ്യമല്ല. കുടിവെള്ളം മുടക്കിയുള്ള റോഡ് നിർമാണവും പ്രധാന കാരണമായി. മല്ലപ്പള്ളി പഞ്ചായത്തിലെ പാടിമൺ മുതൽ കൊച്ചെരപ്പ് വരെയുള്ള പ്രദേശത്ത് വെള്ളമെത്തിയിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു.
പുതുക്കുളം, കൈപ്പറ്റ, ആനിക്കാട് പഞ്ചായത്തിലെ പൊടിപാറ, വെങ്ങളത്തുകുന്ന്, പുളിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിലും പുറമറ്റം പഞ്ചായത്തിലെ ബ്ലോക്കുമല, കാദേശ് മല എന്നിവിടങ്ങളിൽ കുടിവെള്ളമെത്തുന്നില്ല. എഴുമറ്റൂർ പഞ്ചായത്തിലെ കാട്ടോലി പാറ, കൂലിപ്പാറ, വട്ടരി, മലയ്ക്കീഴ്, വാഴക്കാലം, പള്ളിക്കുന്ന്, വേങ്ങഴ തടം, ഞാറയ്ക്കാട്, പുറ്റത്താനി, കാരമല, കഞ്ഞിത്തോട്, ഊന്നുകല്ലിൽ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വെള്ളക്ഷാമം രൂക്ഷമാണ്.
കൊറ്റനാട് പഞ്ചായത്തിൽ നിലവിൽ കുഴൽക്കിണറുകളിൽനിന്ന് കുടിവെള്ള വിതരണം നടത്തുന്ന വാട്ടർ അതോറിറ്റിയുടെ രണ്ട് പദ്ധതിയുണ്ടെങ്കിലും രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച കുളത്തുങ്കൽ പദ്ധതിക്ക് സംഭരണി നിർമിക്കാത്തതും തകർച്ചയിലായ കുഴലുകളുടെ അറ്റകുറ്റപ്പണി നടത്താത്തതുമാണ് ക്ഷാമത്തിന് കാരണം. കോട്ടാങ്ങൽ പഞ്ചായത്തിൽ മലമ്പാറ, പെരുമ്പാറ കുടിവെള്ള വിതരണ പദ്ധതികൾ ഉണ്ടെങ്കിലും കാലപ്പഴക്കം ചെന്ന പൈപ്പുകളുടെ തകർച്ച കാരണം മലയോര മേഖലകളിൽ കുടിവെള്ളമെത്തുന്നില്ല. താലൂക്കിലെ പ്രധാന ജലസ്രോതസ്സായ മണിമലയാറ്റിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതാണ് കുടിവെള്ള വിതരണത്തിന് പ്രധാന കാരണമെന്നാണ് അധികൃതർ പറയുന്നത്.
മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പദ്ധതിയുടെ നിർമാണം വൈകുന്നതാണ് പ്രശ്നം. അധികൃതരുടെ അനാസ്ഥയാണ് അനന്തമായി നീളുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്. കുടിവെള്ള ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് നൽകുന്നത് നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
വടശ്ശേരിക്കര: വടശ്ശേരിക്കര പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല. വടശ്ശേരിക്കര മേജർ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്ന ചമ്പോൺ ഭാഗത്തും ചമ്പോണിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് ഒരാഴ്ചയായി ക്ഷാമം അനുഭവപ്പെടുന്നത്. വേനലിനു മുമ്പ് അറ്റകുറ്റപ്പണി തീർത്ത് ജല വിതരണം സുഗമമാക്കാത്തത് കുടിവെള്ള വിതരണക്കാരെ സഹായിക്കാനാണെന്ന ആക്ഷേപവും വ്യാപകമാണ്. വടശ്ശേരിക്കരയിൽ പല ഭാഗത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
ഗാർഹിക ഉപഭോക്താക്കൾ സംഭരണികൾ നിറഞ്ഞുകവിഞ്ഞാലും പൈപ്പ് ലൈനുകൾ ഓഫാക്കാത്ത സ്ഥിതിയുമുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പേഴുംപാറയിലെ ഉയർന്ന പ്രദേശങ്ങളിലും ജലവിതരണം ആഴ്ചയിലൊരിക്കൽ മാത്രമായി പരിമിതപ്പെടുത്തി. പദ്ധതിയുടെ ചമ്പോൺ പമ്പ് ഹൗസിൽനിന്ന് വെള്ളമടിക്കുമ്പോൾ തന്നെ താഴ്ന്ന പ്രദേശങ്ങളിലെ പൈപ്പുപൊട്ടിയ സ്ഥലങ്ങളിൽ വലിയതോതിൽ ജലനഷ്ടം ഉണ്ടാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.