തൃശൂർ: ആഗസ്റ്റ് 14 'വിഭജന ഭീതിയുടെ ഓർമദിന'മായി ആചരിക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം. കേന്ദ്ര സർക്കാറിന്റെ ഡിപാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവിസസാണ് പൊതുമേഖല ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർമാർക്കും സന്ദേശം അയച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രദർശനം നടത്താൻ കൂടുതൽ പേർ സന്ദർശിക്കുന്ന ബാങ്ക് ശാഖകൾ കണ്ടെത്തണമെന്നും നിർദേശമുണ്ട്. ആഗസ്റ്റ് 14 'വിഭജന ഭീകരതയുടെ ഓർമദിനം' ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ബാങ്കുകൾക്കും നിർദേശം വന്നത്. കേന്ദ്ര സർക്കാർ തയാറാക്കിയ 52 പേജുള്ള രേഖയുടെ അടിസ്ഥാനത്തിലാണ് പ്രദർശനം സംഘടിപ്പിക്കേണ്ടത്. അതേസമയം, അർധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ചേർത്താണ് ഈ രേഖ തയാറാക്കിയിരിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണിയും ജനറൽ സെക്രട്ടറി എൻ. സനിൽ ബാബുവും പറയുന്നു. ഇതിൽ പറയുന്ന ഒരു കാര്യം, 1947 ആഗസ്റ്റ് ഒമ്പതിന് ചേർന്ന യോഗത്തിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് വിഭജന പ്രമേയം ഐകകണേ്ഠ്യന അംഗീകരിച്ചു എന്നാണ്. എന്നാൽ, വിഭജനത്തിനുള്ള അടിത്തറ പാകപ്പെട്ടത് 1937ൽ അഹമ്മദാബാദിൽ ചേർന്ന ആൾ ഇന്ത്യ ഹിന്ദു മഹാസഭ യോഗത്തിൽ ആദ്യമായി മുന്നോട്ടുവെച്ച 'ദ്വിരാഷ്ട്ര സിദ്ധാന്ത'ത്തിലൂടെയാണെന്ന് ബെഫി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 1940ൽ മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രരൂപവത്കരണം ആൾ ഇന്ത്യ മുസ്‌ലിം ലീഗ് നിർദേശിച്ചത്. വിഭജനം ഇന്നും ഉണങ്ങാത്ത മുറിവുകൾക്കും മുൻവിധികൾക്കും ഇടയാക്കുന്ന സാഹചര്യമാണ്. എന്നാൽ, ഭീതി എന്നത് ഒരു ദിനാചരണത്തിലൂടെ ഓർമിക്കാവുന്ന ഒന്നല്ല. ഭീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. ഇപ്പോഴത്തെ ആചരണം സങ്കുചിത രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇത്തരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ബാങ്ക് ശാഖകളെയും ജീവനക്കാരെയും ഉപയോഗപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുമെന്നും ഇരുവരും വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.