തൃശൂർ: മരണം മുന്നിൽകണ്ട് മുക്കാൽ മണിക്കൂർ നേരം... ആശ്വാസത്തോടെ പുറത്തെത്തുമ്പോൾ പുതുജീവിതത്തിന്റെ അത്ഭുതം. തൃശൂർ നഗരത്തിൽ ശക്തൻ സ്റ്റാൻഡിൽ ബസിന്റെ സസ്പെൻഷനിടയിൽ ഡ്രൈവറുടെ തല കുടുങ്ങിയ അപകടമാണ് ഏറെനേരം ആശങ്കയിലാക്കിയത്.
ആലപ്പുഴയിൽനിന്ന് വിദ്യാർഥികളുമായി ബംഗളൂരുവിലേക്ക് വിനോദയാത്ര പോകുന്ന ടൂറിസ്റ്റ് ബസിലെ ഡ്രൈവർ അശോകൻ (25) ആണ് മരണം മുന്നിൽകണ്ടത്. ബസിന്റെ എയർ സസ്പെൻഷൻ തകരാർ പരിശോധിക്കാനായി ജാക്കിവെച്ച് ഉയർത്തി ബസിനടിയിൽ കടന്ന് നോക്കുന്നതിനിടയിലാണ് വായു ചോർന്ന് സസ്പെൻഷനും ചേസിസിനും ഇടയിൽ തല കുരുങ്ങിയത്. അഗ്നിരക്ഷ സേനയും പൊലീസും എത്തി മുക്കാൽ മണിക്കൂർ പരിശ്രമിച്ചാണ് രക്ഷപ്രവർത്തനം നടത്തിയത്.
ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് നീക്കി തല പരിക്കുകൾ കൂടാതെ പുറത്തെടുക്കുകയായിരുന്നു. അവശതയിലായ അശോകനെ ആക്ട്സ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ അഗ്നിരക്ഷ സേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം. രാജന്റെ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫിസർമാരായ ജി. പ്രമോദ്, അനന്ത കൃഷ്ണൻ, കെ. പ്രകാശൻ, ടി.എസ്. സജിൻ, രഞ്ജിത്ത് ടി. പാപ്പച്ചൻ, അനിൽകുമാർ, ഹോം ഗാർഡ് ടി.എം. ഷാജു എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.