തൃശൂർ: കോൺവോക്കേഷൻ നടത്താനും നബാർഡ് ചെയർമാന് ഓണററി ഡോക്ടറേറ്റ് നൽകാനുമുള്ള കാർഷിക സർവകലാശാല തീരുമാനം വിവാദമായതിന് പിന്നാലെ ശനിയാഴ്ച ചേർന്ന ജനറൽ കൗൺസിൽ യോഗം അംഗങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ലെന്ന് പറഞ്ഞ് വി.സി അവസാനിപ്പിച്ചു.
ബിരുദദാന ചടങ്ങിന് അംഗീകാരം തേടിയുള്ള പ്രമേയം അജണ്ടയാക്കി കൗൺസിൽ വിളിച്ചുചേർത്തത് എന്തിനാണെന്ന് അംഗങ്ങൾ ചോദിച്ചതോടെയാണ് ഓൺലൈനായി ചേർന്ന യോഗത്തിൽ ഒന്നും കേൾക്കുന്നില്ലെന്ന് പ്രസ്താവിച്ച് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ബി. അശോക് നടപടികൾ അവസാനിപ്പിച്ചത്.
തുടർന്ന് പറയാനുള്ളത് ഇ-മെയിലായി അയക്കാൻ രജിസ്ട്രാർ അംഗങ്ങളോട് ആവശ്യപ്പെട്ടു. സർവകലാശാല ചട്ടങ്ങൾ പ്രകാരം കോൺവോക്കേഷൻ നടത്താനും കാർഷിക, അധ്യാപക ഗവേഷണ രംഗങ്ങളിൽ ഓണററി ഡോക്ടറേറ്റ് നൽകാനും ജനറൽ കൗൺസിലിന്റെ അംഗീകാരം വേണമെന്നാണ് അംഗങ്ങൾ പറയുന്നത്.
മേയ് 29ന് നിശ്ചയിച്ച കാർഷിക സർവകലാശാലയുടെ (കെ.എ.യു) ബിരുദദാന ചടങ്ങ് ഉന്നതാധികാര സമിതിയായ ജനറൽ കൗൺസിലിന്റെ അംഗീകാരമില്ലാതെയാണെന്ന് അംഗങ്ങളായ ഡോ. കെ. സുരേഷ് കുമാർ, ഡോ. നിധീഷ്, എൻ. കൃഷ്ണദാസ്, സതീഷ് കുമാർ എന്നിവർ അറിയിച്ചു.
ബിരുദ ദാന ചടങ്ങ് നടത്തുന്നതിന് അംഗീകാരം തേടുന്ന പ്രമേയം അവതരിപ്പിക്കുന്നതിന് ശനിയാഴ്ച സ്പെഷൽ ജനറൽ കൗൺസിലിൽ വിളിച്ച വി.സി ബിരുദദാന ചടങ്ങ് നടത്തുന്നതിന് ജനറൽ കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തികഞ്ഞ ചട്ടലംഘനവും ജനാധിപത്യ ധ്വംസനവുമാണ് ഡോ. ബി. അശോക് നടത്തുന്നതെന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.
ചട്ടം 1 പ്രകാരം അംഗീകാരം വാങ്ങിയ ശേഷം മാത്രമേ ചട്ടം 2 പ്രകാരമുള്ള നടപടികളിലേക്ക് കടക്കാൻ വി.സിക്ക് അധികാരമുള്ളൂവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
കോൺവോക്കേഷൻ ഏകപക്ഷീയമായി നിശ്ചയിച്ച് കാര്യപരിപാടിയെല്ലാം സ്വയം തീരുമാനിച്ച് കഴിഞ്ഞതിനുശേഷം ബിരുദദാന ചടങ്ങിന് അംഗീകാരം വാങ്ങിക്കുന്നതിനായി ശനിയാഴ്ച ജനറൽ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ ഒറ്റക്കെട്ടായി എതിർത്തുവെന്നും പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടുവെന്നും അംഗങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.