തൃശൂർ: ലാലൂർ, അരണാട്ടുകര, എൽത്തുരുത്ത് മേഖലകളിലെ 90 ഏക്കറോളം വരുന്ന മണിനാടൻ കോൾപടവിൽ ജലസേചനം പ്രതിസന്ധിയിൽ. രണ്ട് ദിവസമായി കോൾചാലിലും മോട്ടോർ ഷെഡിനടുത്തും വെള്ളം കറുത്ത നിറത്തിലാണ്. ഇത് കൃഷിക്ക് പമ്പ് ചെയ്യാൻ പറ്റുന്നില്ലെന്ന് മാത്രമല്ല, സമീപത്തെ വീടുകളിലെ കുടിവെള്ള സ്രോതസും ഭീഷണിയിലാണ്.
ലാലൂർ കാർത്യായനി ക്ഷേത്രത്തിനടുത്താണ് മോട്ടോർ ഷെഡുള്ളത്. കെ.എൽ.ഡി.സി കനാൽ, ജോൺ മത്തായി സെന്റർ, കടവാരം വഴി വരുന്ന കരിമ്പനക്കട ചാലിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴക്ക് ശേഷമാണ് കറുത്ത വെള്ളം വരുന്നത്. ഇത് പമ്പ് ചെയ്യുമ്പോൾ കോളിലെ മത്സ്യങ്ങളും ചാവുന്നുണ്ടെന്ന് മണിനാടൻ പടവ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പറഞ്ഞു.
മൂന്ന് വർഷം മുമ്പും സമാനമായ അവസ്ഥ ഉണ്ടായിരുന്നു. അന്ന് കലക്ടറെ കണ്ടപ്പോൾ തൃശൂർ കോർപറേഷൻ സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെയും വിളിപ്പിച്ചു. കോർപറേഷൻ സെക്രട്ടറി ഹാജരായില്ല. ശക്തൻ സ്റ്റാൻഡ് പരിസരത്തെ അഴുക്കുചാലുകളിലെയും പരിസരത്തെ ചില വൻകിട ആശുപത്രികളിൽനിന്നും പുറന്തള്ളുന്നതുമായ വെള്ളമാണ് ഒഴുകി എത്തുന്നതെന്ന് അന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആശുപത്രികൾക്ക് അന്ന് നോട്ടീസ് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. അന്ന് കോടന്നൂർ പടവും ബാധിക്കപ്പെട്ടിരുന്നു.
നവംബർ 24നാണ് മണിനാടൻ പടവിൽ ‘ഉമ’ വിത്ത് വിതച്ചത്. ഒന്നര ആഴ്ച കഴിഞ്ഞാൽ രണ്ടാം വളപ്രയോഗത്തിനുള്ള സമയമാണ്. ഈ വെള്ളം ആശ്രയിച്ച് വള പ്രയോഗം ഉൾപ്പെടെ കാർഷിക പ്രവൃത്തികൾ ചെയ്യാനാവില്ല. പി. ബാലചന്ദ്രൻ എം.എൽ.എയെയും കൃഷി ഓഫിസറെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.