തൃശൂർ: വെടിക്കെട്ടിന് കേന്ദ്ര ഏജൻസി കൊണ്ടുവന്ന കർശന മാർഗ നിർദേശങ്ങൾക്ക് പിന്നാലെ ആന എഴുന്നള്ളത്തിന് കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഭേദഗതി വരിത്തില്ലെന്ന് ഹൈകോടതി ആവർത്തിക്കുകയും ചെയ്തതോടെ ഉത്സവ ആഘോഷങ്ങളുടെ പൊലിമ നഷ്ടമാകുമോ എന്ന ആശങ്കയിൽ ദേവസ്വങ്ങളും ഉത്സവ പ്രേമികളും. ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിൽ ഹൈകോടതി മാർഗ നിർദേശങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന ആവശ്യം ഒരുവശത്ത് ശക്തമാകുമ്പോൾ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങൾ. ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്, മേളം എന്ന ചേരുവയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ മിക്ക ഉത്സവങ്ങളുടേയും ആകർഷണം.
തൃശൂർ ജില്ലയിൽ ചില പള്ളി പെരുന്നാളുകളിലും ആനയും വെടിക്കെട്ടുമെല്ലാം ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളാണ്. ജില്ലയുടെ സാമ്പത്തിക ഘടനയിലും ഉത്സവങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജനപ്രതിനിധികളടക്കം പങ്കുവെക്കുന്നത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി ‘പെസോ’പുറത്തിറക്കിയ ഉത്തരവിൽ 35 നിയന്ത്രണങ്ങളാണ് പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്.
ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തൃശൂർ പൂരത്തന്റെ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. മറ്റ് പല ഉത്സവങ്ങൾക്കും സ്ഥലപരിമിതി വെടിക്കെട്ട് നടത്തിപ്പിന് തടസ്സമായി വരും. വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ അടക്കം വേണമെന്ന് പല കേന്ദ്രങ്ങളിൽ നിന്നും ആവശ്യമുയർന്നെങ്കിലും ഒരു നടപടിയും മുന്നോട്ട് പോയിട്ടില്ല.
ഇതിനിടെയാണ് ആന എഴുന്നുള്ളിപ്പിന് ഹൈകോടതി മാർഗ നിർദേശങ്ങൾ കൊണ്ടുവന്നത്. എഴുന്നുള്ളിക്കുന്ന ആനകൾ തമ്മിലുള്ള അകലം മൂന്ന് മീറ്റർ വേണമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനം.
ജില്ലയിൽ പ്രധാന ഉത്സവങ്ങളിലെല്ലാം എഴുന്നുള്ളത്തിന് ഏഴ് ആനകളിലധികം പതിവാണ്. ആറാട്ടുപുഴയിൽ ലഭ്യതയനുസരിച്ച് നൂറിലധികം ആനകളെ എഴുന്നുള്ളിച്ച അവസരങ്ങളുമുണ്ടായിട്ടുണ്ട്. ആനകളെ അടുത്തടുത്ത് നിർത്താൻ കഴിയാത്ത സാഹചര്യമില്ലെങ്കിൽ തൃശൂർ പൂരത്തിലെ മുഖ്യ ആകർഷണമായ കുടമാറ്റം പൊലിമയോടെ നടത്താൻ കഴിയുമോയെന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്.
അതേസമയം, ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൂരം ചടങ്ങാക്കി മാത്രം ചുരുക്കേണ്ടിവരുമെന്നാണ് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചിട്ടുള്ളത്.
ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കും.പൂരത്തിന്റെ ഭംഗിയും പ്രൗഡിയും ഇല്ലാതാവും.
തമിഴ്നാട്ടിൽ ജല്ലിക്കെട്ടിന് അനുകൂലമായി എല്ലാവരും ഒന്നിച്ച് നിന്ന പോലുള്ള സാഹചര്യത്തിനായി സർക്കാർ ഇടപെടൽ വേണമെന്നാണ് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെടുന്നത്.
പാറേമക്കാവ് ദേവസ്വവും സമാനമായ പ്രതികരണമാണ് വിഷയത്തിൽ നടത്തിയിട്ടുള്ളത്. ദേവസ്വങ്ങളുടെ സംയുക്ത യോഗവും അടുത്ത ദിവസങ്ങളിൽ ചേരുന്നുണ്ട്. കൊച്ചി ദേവസ്വം ബോർഡും വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തും.
അതിനിടെ നാട്ടാനകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇവയെ കൊണ്ടുവരാനുള്ള ദേവസ്വങ്ങളുടെ അടക്കം ശ്രമങ്ങൾ പ്രതിസന്ധിയിൽ തന്നെയാണ്.
കൈമാറ്റത്തിനുള്ള വിലക്ക് നീങ്ങിയെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള അപേക്ഷകളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകാത്തതായിരുന്നു ആദ്യം പ്രതിസന്ധിയായത്. ഇതിനുള്ള സമ്മർദം തുടരുന്നതിനിടെ ആനകളെ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഒരു സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാർച്ച് 14നാണ് ആനകളുടെ കൈമാറ്റത്തിനുള്ള വിലക്ക് നീക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. 16 വർഷമായി നിലനിന്നിരുന്ന വിലക്ക് നീങ്ങിയതോടെ നാട്ടാനകളുടെ എണ്ണത്തിൽ കുറവ് നേരിടുന്ന സംസ്ഥാനത്തിന് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഈ വിഷയത്തിലും സംസ്ഥാന സർക്കാറിന്റെ നയപരമായ തീരുമാനവും പിന്തുണയും ഉണ്ടായാൽ മാത്രമേ ആനകളെ എത്തിക്കൽ യാഥാർഥ്യമാകൂ എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.