തൃശൂർ പൂരത്തിന് മുന്നോടിയായി നടന്ന സാമ്പ്ൾ വെടിക്കെട്ട്  ഫോട്ടോ- അഷ്കർ ഒരുമനയൂർ

600ലേറെ കാമറ, നാല് പിങ്ക് പൊലീസ് യൂനിറ്റ്; പൂരം സ്ത്രീസൗഹൃദമാക്കാന്‍ ക്രമീകരണങ്ങള്‍

തൃശൂര്‍: രണ്ടുവർഷം കഴിഞ്ഞെത്തിയ പൂരം ഇത്തവണ കൂടുതൽ ജനകീയവും സ്ത്രീസൗഹൃദവുമാണ്. സാധാരണയിൽ കൂടുതൽ ആളുകൾ ഇത്തവണ പൂരത്തിനെത്തുമെന്ന് മുന്നറിയിപ്പ് കണക്കിലെടുത്തുള്ള ഒരുക്കങ്ങൾക്കൊപ്പം പൂരം കൂടുതല്‍ സ്ത്രീസൗഹൃദമാക്കുക കൂടിയാണ് ജില്ല ഭരണകൂടം. സ്ത്രീകൾക്കും കുട്ടികൾക്കും പൂരം കാണാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.

വനിത പൊലീസിലെ ബുള്ളറ്റ് പട്രോൾ സംഘവും കുടുംബശ്രീ ഷീ ടാക്സികളും പൂരത്തിനായി സജ്ജമാക്കിയിട്ടുണ്ട്. തെക്കേ ഗോപുരനടയിൽ പ്രത്യേക ഭാഗം വനിതകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ സുരക്ഷിതമായും സൗകര്യപ്രദമായും പൂരം ആസ്വദിക്കുന്നതിനും ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും ഏർപ്പെടുത്തിയിട്ടുണ്ട്. പൂരപ്പറമ്പിലെ പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായി പ്രത്യേക പ്രദേശം ഇവര്‍ക്കു മാത്രമായി വേലി കെട്ടിത്തിരിച്ചിട്ടുണ്ട്.

പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി നെഹ്‌റു പാര്‍ക്കിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കായി ഒമ്പത് പോര്‍ട്ടബ്ള്‍ ടോയ്‌ലറ്റുകള്‍, ജില്ല ആശുപത്രിക്ക് മുൻവശത്ത് പൂരപ്പറമ്പിനോട് ചേർന്ന് ഒമ്പത് ലേഡീസ് ടോയ്‌ലറ്റുകള്‍, പൊലീസ് കൺട്രോൾ റൂമിന് പിറകുവശത്തായി നാല് ടോയ്‌ലറ്റുകൾ, ജനറല്‍ ആശുപത്രിക്കുപിറകിലായി മൂന്ന് അധിക ടോയ്‌ലറ്റുകള്‍, സ്ത്രീകള്‍ക്കു മാത്രമായി മൂത്രപ്പുരകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. പൂരം കാണാൻ എത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും പൊലീസ് പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂരം കാണാന്‍ പ്രത്യേക സൗകര്യം

  • വനിതകൾക്കായി പ്രത്യേക ഹെൽപ് ലൈൻ നമ്പർ: 1515
  • നാല് പിങ്ക് പൊലീസ് യൂനിറ്റുകളും അഞ്ച് വനിത ബുള്ളറ്റ് പട്രോൾ സംഘവും
  • ഏഴ് ഷീ ടാക്സികളും 50 വനിത
  • സിവിൽ ഡിഫൻസ് വളന്‍റിയർമാരും രംഗത്ത്


കുടമാറ്റം നിയന്ത്രിക്കാൻ

പൊലീസുകാർ 1297

അഡീഷണൽ എസ്.പിമാർ 2

ഡിവൈ.എസ്.പി 18

ഇൻസ്‌പെക്ടർമാർ 34

എസ്.ഐ 100

600ലേറെ കാമറകൾ

പൂരാഘോഷം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി, നഗരത്തിലെ 600ലേറെ വരുന്ന സി.സി.ടി.വി കാമറകള്‍ പൊലീസ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് 24 മണിക്കൂറും ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുകയും വിവരങ്ങള്‍ തേക്കിന്‍കാട് മൈതാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.

നഗരത്തിന്‍റെ ഏത് ഭാഗത്തും നടക്കുന്ന അനിഷ്ട സംഭവങ്ങളും തല്‍സമയം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും എവിടെ നിന്നും ലഭിക്കുന്ന പരാതികളും പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിനും ഇതുവഴി സാധിക്കും. സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള നൂറിലേറെ സി.സി.ടി.വി കാമറകളുടെ ദൃശ്യവും ഇവിടെ ലഭിക്കും. 1515 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ പിങ്ക് പൊലീസിന്‍റെയും 112ൽ പൊലീസിന്‍റെയും മുഴുസമയ സേവനം ലഭിക്കും.

നാലായിരത്തോളം പൊലീസുകാർ

പൂരം നിയന്ത്രിക്കാൻ 3611 പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ 400 റിസർവ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആകെ നാലായിരത്തോളം പൊലീസുകാർ. 36 ഡിവൈ.എസ്.പിമാരും 64 ഇൻസ്‌പെക്ടർമാരും 287 എസ്.ഐമാരും നേതൃത്വം നൽകും.

ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി വിവരങ്ങൾ അറിയുന്നതിന് ഡിജിറ്റൽ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നതു വരെയുള്ള എല്ലാ ചടങ്ങുകളുടെയും അനിമേഷൻ രൂപത്തിലുള്ള വിഡിയോയാണ് തയാറാക്കിയിരിക്കുന്നത്.

പൊലീസുകാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറുകളിലേക്കാണ് വിഡിയോയുടെ ലിങ്ക് അയച്ചുനൽകുന്നത്. തൃശൂർ സിറ്റി പൊലീസ് പി.ആർ.ഒ വിഭാഗമാണ് വിഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചത്.

Tags:    
News Summary - Arrangements to make thrissur Pooram women friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.