തൃശൂർ: അസം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. കണിമംഗലം കുറുപ്പം വീട്ടിൽ മുഹമ്മദ് യാസിൻ (18), ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാൽ (18), ഒല്ലൂർ അഞ്ചേരിച്ചിറ ഷൊർണൂക്കാരൻ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലാവാനുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ കൂർക്കഞ്ചേരി സോമിൽ റോഡ് പരിസരത്തുവെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ പ്രതികളുടെ മൊബൈൽഫോൺ നമ്പറിലേക്ക് ആദ്യം 300 രൂപ അയക്കാൻ പറഞ്ഞു. തുടർന്ന് അക്കൗണ്ടിൽ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മൊബൈൽഫോൺ തട്ടിപ്പറിച്ച് ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി 12000 രൂപ ഗൂഗ്ൾ പേ വഴി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് മാറ്റി ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ സി.എസ്. നെൽസൺ, എസ്.സി.പി.ഒ സി.എം. ജോമോൻ, സൈബർസെൽ സി.പി.ഒ കെ.എസ്. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.