അതിരപ്പിള്ളി: വയനാട് മലയിടിച്ചിൽ ദുരന്തത്തിന് ശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ മാന്ദ്യം. അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി എന്നിങ്ങനെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കുത്തനെ കുറഞ്ഞ സഞ്ചാരികളുടെ വരവിൽ ആഴ്ചകൾ കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ല. ഈ മേഖലയിലെ സ്വകാര്യ പാർക്കുകളും പിടിച്ചു നിൽക്കാൻ വിഷമിക്കുകയാണ്. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലും വരുമാനം ഇടിഞ്ഞു.
ചാലക്കുടിപ്പുഴ ഈ സീസണിൽ ഒരു തവണ മാത്രമേ അപകടനിരപ്പിലേക്ക് എത്തിയിരുന്നുള്ളു. അധികജലം ഒഴിവാക്കുന്നതിന്റെ ഭാഗമായി പെരിങ്ങൽക്കുത്തിന്റെ ഭൂരിഭാഗം ഷട്ടറുകളും സ്ലൂയിസ് ഗേറ്റുകളും തുറന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ താഴ്ന്ന നിലയിൽ തന്നെയാണ് ഒഴുകുന്നത്. സഞ്ചാരികൾക്ക് വിസ്മയം വിടർത്തുന്ന മൺസൂൺ സീസണിലെ കാഴ്ചകൾ അതിരപ്പിള്ളിയിലുണ്ട്. വാഴച്ചാലും അതിരപ്പിള്ളിയും നിറഞ്ഞൊഴുകുന്ന കാഴ്ച ഏറെ ആകർഷകമാണ്.
അതുപോലെ തുമ്പൂർമുഴിയിൽ പാറക്കെട്ടുകൾ ദൃശ്യമല്ലാത്ത വിധം നിറഞ്ഞ് പരന്ന് പല ദിവസവും ദൃശ്യഭംഗിയിൽ പുഴയൊഴുകുന്നു. അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിൽ ആനമല റോഡിലെ ചാർപ്പ കുതിച്ചിറങ്ങി വരുന്ന അപൂർവ്വ കാഴ്ച സഞ്ചാരികൾക്ക് ആവേശം പകരാതിരിക്കില്ല.
ശനി, ഞായർ ദിവസങ്ങളിലെ ചെറിയ തിരക്ക് ഒഴിച്ചാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല നിർജീവമാണിപ്പോൽ. മുൻപൊക്കെ ഈ സീസണിൽ ഇട ദിവസങ്ങളിലും സഞ്ചാരികൾ ആവേശപൂർവം എത്തുമായിരുന്നു. വയനാട് ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് വിനോദ സഞ്ചാര മേഖല മുക്തമായിട്ടില്ല. മഴയുടെയും കാറ്റിന്റെയും മുൻകൂട്ടി പ്രവചിക്കാനാവാത്ത അവസ്ഥ സഞ്ചാരികളിൽ ആശങ്ക പരത്തുന്നുവെന്ന് വേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.