ചെറുതുരുത്തി: കഴിഞ്ഞ 55 വർഷമായി വെട്ടിക്കാട്ടിരിക്കാരുടെ കാതുകളിൽ അബ്ബാസ് മുസ്ലിയാരുടെ ശബ്ദം സജീവസാന്നിധ്യമായുണ്ട്. വെട്ടിക്കാട്ടിരി കേന്ദ്ര ജുമാ മസ്ജിദിൽ 1975 മുതൽ മുഅദ്ദിനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ബാങ്ക് കേട്ടാണ് അഞ്ചു പതിറ്റാണ്ടോളമായി ഇവിടം ഉണരുന്നത്. 1953ല് വെട്ടിക്കാട്ടിരി കടുക്ക പറമ്പിൽ വീട്ടിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനായി ജനിച്ചു. 1968ൽ ചെറുതുരുത്തി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾതന്നെ വെട്ടിക്കാട്ടിരി പള്ളി മദ്റസയിൽ അധ്യാപകനായി ജോലികിട്ടി. അന്ന് തുടങ്ങിയതാണ് പള്ളിയിലെ ബാങ്കുവിളിയും പരിപാലനങ്ങളും. തുടർന്ന് കേന്ദ്ര ജുമുഅത്ത് പള്ളിയിൽ മുഅദ്ദിനായി പ്രവേശിച്ചത് 1975ലാണ്.
അന്നുമുതൽ ഇന്നുവരെ ബാങ്ക് വിളികളും മയ്യിത്ത് പരിപാലന കർമങ്ങളും നടത്തിവരുന്നു. ഇതിനിടെ നിരവധി വിദ്യാർഥികളെ ഇദ്ദേഹം പഠിപ്പിച്ചു. ഈ കുട്ടികളുടെ നേതൃത്വത്തിൽ രണ്ടുതവണ ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു. നിരവധി അംഗീകാരങ്ങളും ആദരിക്കലും ഏറ്റുവാങ്ങാനായി.
കോവിഡ് കാലത്ത് ബന്ധുക്കൾ പോലും ഭയംകൊണ്ട് അടുക്കാൻ മടിക്കുമ്പോൾ ഒരു മടിയും കൂടാതെ മയ്യിത്തുകളുടെ എല്ലാ കർമങ്ങളും അബ്ബാസ് നിർവഹിച്ചിരുന്നു. ഇത്രയെല്ലാം കോവിഡ് മയ്യിത്തുകൾ പരിപാലിച്ചിട്ടും കോവിഡ് വരാതിരുന്നത് ദൈവാനുഗ്രഹമാണ് എന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.