ചാലക്കുടി: ജില്ല പഞ്ചായത്തിന്റെ അധീനതയിലുളള കുറ്റിച്ചിറ-ചായ്പൻകുഴി റോഡിന് ഇനിയും ശാപമോക്ഷമായില്ല. വർഷങ്ങളായി തകർന്ന് കിടക്കുന്ന അവസ്ഥ പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ജില്ല പഞ്ചായത്തിന് വേണ്ടത്ര ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് റോഡ് നവീകരിക്കാത്തതെന്നാണ് അധികാരികളുടെ വിശദീകരണം. എങ്കിൽ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന നാട്ടുകാരുടെ ആവശ്യവും ജില്ല ഭരണാധികാരികൾ അംഗീകരിക്കുന്നില്ല. റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖേന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷിനും നാട്ടുകാർ 365 പേർ ഒപ്പിട്ട ഭീമഹരജി നൽകിയെങ്കിലും തീരുമാനമായില്ല.
ചാലക്കുടി മുതൽ കുറ്റിച്ചിറ വരെ പൊതുമരാമത്ത് റോഡാണ്. ചായ്പൻകുഴി മുതൽ കേരളത്തിന്റെ അതിർത്തിയായ മലക്കപ്പാറ വരെ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ വക തന്നെ. ഇതിനിടയിൽപ്പെട്ട 2.5 കി.മീ ദൂരം മാത്രമാണ് ജില്ല പഞ്ചായത്തിന്റേത്. ഇത് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകണമെന്ന ആവശ്യം അംഗീകരിക്കാത്തത് ഭരണാധികാരികളുടെ പിടിവാശിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സമാന്തര പാതയാണിത്. തൃശൂരിൽ നിന്ന് വിനോദ സഞ്ചാരികൾക്ക് എളുപ്പവഴിയുമാണ്. എട്ട് കി.മീ ദൂരം ലാഭിക്കാൻ കഴിയുമെങ്കിലും റോഡിന്റെ ശോച്യാവസ്ഥ കാരണം വിനോദ സഞ്ചാരികൾ ഈ പാത ഉപേക്ഷിക്കുകയാണ്.
ചായ്പൻകുഴി, രണ്ടുകൈ, വെറ്റിലപ്പാറ എന്നിവിടങ്ങളിലേക്ക് നിരവധി ട്രിപ്പുകൾ ബസ് ഓടുന്ന പ്രധാന റൂട്ട് കൂടിയാണിത്. കൂടാതെ ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു. റോഡിലെ കുഴികൾ മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കാനും പൊതുമരാമത്ത് വകുപ്പിന് കൈമാറാനും നടപടി സ്വീകരിക്കാത്തപക്ഷം റോഡ് ഉപരോധമുൾപ്പടെയുളള പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.