ചാലക്കുടി: മാർക്കറ്റ് റോഡിന്റെ പഴയ വീതി വീണ്ടെടുത്തില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികൾ. നോർത്ത് ട്രങ്ക് റോഡ് ജങ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള റോഡിൽ കൈയേറ്റങ്ങളുടെ ഭാഗമായി പലയിടത്തും കുപ്പിക്കഴുത്തുകളായി മാറിയ അവസ്ഥയിലാണ്.
ചാലക്കുടിയിലെ ഗതാഗതക്കുരുക്കേറിയ റോഡ് ഇതാണ്. വെട്ടുകടവ് പാലം വന്നതോടെ മേലൂർ പഞ്ചായത്തിലേക്കുള്ള പ്രധാന പാതയായ മാർക്കറ്റ് റോഡിൽ ഗതാഗതക്കുരുക്കുമൂലം യാത്രക്കാർ ക്ലേശമനുഭവിക്കുകയാണ്. വ്യാപാരികൾക്ക് വാഹന പാർക്കിങ്ങിനും വിശ്വാസികൾക്ക് ചാലക്കുടി ഫൊറോന പള്ളിയിലേക്ക് പോയി വരാനും ഏറെ പ്രയാസമാണ്.
ട്രാഫിക് പൊലീസ് ഇവിടെ വൺവേ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗതകുരുക്കിന് പരിഹാരമായിട്ടില്ല. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന്റെ വീതി വീണ്ടെടുത്താൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
ഒരു കാലത്ത് ചാലക്കുടി പഴയ ദേശീയപാതയുടെ ഭാഗമായിരുന്ന ഈ വഴി 18 മീറ്ററിൽ പരം വീതിയുണ്ടായിരുന്നു. മിനർവ ബേക്കറി മുതൽ പഴയ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് മാർക്കറ്റിന്റെ ഭാഗമായതോടെ കൈയേറ്റങ്ങൾ നടന്നത്. ആദ്യകാലത്ത് പലയിടത്തും വ്യാപാര സ്ഥാപനങ്ങൾ റോഡിലേക്ക് ഇറക്കി കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. കാലാകാലങ്ങളായുള്ള നഗരസഭ അധികാരികൾ കൈയേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
നഗരസഭയുടെ ഏറ്റവും വലിയ അനാസ്ഥ പ്രകടമായത് സമീപകാലത്താണ്. ചാലക്കുടിയുടെ പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയപ്പോൾ എല്ലാ റോഡുകളുടെയും വീതി കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മാർക്കറ്റ് റോഡിന്റെ മാത്രം വീതി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി.
താലൂക്ക് സർവേയർ റോഡിന്റെ വീതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് മാനദണ്ഡമാക്കി വീണ്ടെടുക്കുക മാത്രമേ വേണ്ടൂ. 18 മീറ്റർ വീതിയുള്ള ഈ റോഡിന്റെ വീതി 12 മീറ്റർ ആയെങ്കിലും വീണ്ടെടുത്താൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. അതുവഴി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം.
മാത്രമല്ല വൺവേയും ഒഴിവാക്കാനാവും. നഗരസഭ അധികൃതർ ഇതിന് തയാറാവുന്നില്ലെങ്കിൽ നിയമനടപടികൾക്കും ശക്തമായ പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.