ചാലക്കുടി: കുന്നത്തുനാട്ടിലെ ഉയർന്ന പോളിങ് ട്വന്റി 20യോട് ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊള്ളക്കാരിൽനിന്ന് കേരളത്തെ രക്ഷിക്കാനുള്ള പരിശ്രമമാണ് ഈ തെരഞ്ഞെടുപ്പെന്നും ഇത് തിരിച്ചറിഞ്ഞ് ഒട്ടേറെ ജനങ്ങൾ ട്വന്റി 20ക്ക് ഒപ്പം അണിചേർന്നു.
കിഴക്കമ്പലം വിലങ്ങ് യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന പാർട്ടി എന്ന നിലയിൽ എല്ലാ മുന്നണികളുടെയും പൊതുശത്രുവാണ് ട്വന്റി 20. കേരളത്തിലെ ഭരണപാർട്ടി ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കി അവർക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള അവസരം സൃഷ്ടിച്ചിരിക്കുകയാണ്.
ലാവ്ലിൻ മുതൽ സ്വർണക്കടത്തും മാസപ്പടിയും വരെയുള്ള നിരവധി കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തവണ രണ്ടുസീറ്റ് ബി.ജെ.പിക്ക് കേരളത്തിൽ ലഭിച്ചാൽ അതിൽ അതിശയിക്കാനില്ല, കാരണം അത് സി.പി.എമ്മിന്റെ പദ്ധതിയാണ്.
ട്വന്റി20ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ ഇലക്ഷനിൽ ജനങ്ങൾ കൂടെ നിൽക്കുന്ന പക്ഷം ഇന്ത്യയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു വലിയ മുന്നേറ്റം ഇനിയങ്ങോട്ട് ട്വന്റി20 നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.