ചാലക്കുടിയിലെ സംഭരണ കേന്ദ്രത്തിൽനിന്ന് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകാൻ ചക്ക ലോഡ് ചെയ്യുന്നു

ചാലക്കുടി: കോവിഡിനെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ചാലക്കുടിയിൽനിന്ന് ഉത്തരേന്ത്യയിലേക്കുള്ള ചക്ക കയറ്റുമതി സജീവമായി. കഴിഞ്ഞ രണ്ടു സീസണുകളിലെ നഷ്ടം നികത്താനവുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ചക്ക പാകമാകാൻ കാത്തുനിൽക്കാതെ ജനുവരിയിൽ ഇടിയൻ ചക്ക പ്രായത്തിൽ തന്നെ കച്ചവടക്കാർ കയറ്റുമതി ആരംഭിച്ചിരുന്നു. ഉൾനാടുകളിൽനിന്ന് ചെറുവണ്ടികളിൽ ശേഖരിച്ച് ലോഡ് കയറ്റിക്കൊണ്ട് പോകുന്ന കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ് കച്ചവടക്കാർ. ഇവർ നാട്ടിൻപുറത്തുനിന്ന് മൊത്തമായി വാങ്ങിക്കൊണ്ടു പോകുന്നതിനാൽ നാടൻ വിപണികളിൽ ആവശ്യക്കാർക്ക് ചക്ക ലഭിക്കാത്ത സാഹചര്യമുണ്ട്.

ചാലക്കുടിയിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് ചക്ക സംഭരിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്ന് പ്രവർത്തിക്കുന്നത്. രാത്രിയും പകലും സജീവമാണിവിടെ. വലിയ ലോറികളിൽ വിദഗ്ധമായി അടുക്കിവെച്ച് രണ്ട് -മൂന്ന് ദിവസത്തെ യാത്രക്ക് ശേഷമാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നത്. ചക്കകൾക്കിടയിൽ ഐസ് പാളികൾ നിരത്തിയും ഓലമെടഞ്ഞ് ഭദ്രമാക്കിയും ആണ് കേടാകാതെ സൂക്ഷിക്കുന്നത്. ഉത്തരേന്ത്യയിലെ വൻകിട ഹോട്ടലുകളിലും മറ്റും വിശിഷ്ട വിഭവമൊരുക്കാനാണ് ഇവ പ്രധാനമായും കൊണ്ടുപോകുന്നത്.

കയറ്റുമതി സാധ്യത വർധിച്ചതോടെ ഈ രംഗത്ത് വലിയ മത്സരവും നടക്കുന്നുണ്ട്. നേരത്തേ തന്നെ പ്ലാവുകൾ മൊത്തമായി വാങ്ങാനും ചക്കകൾ അപ്പപ്പോൾ വാങ്ങാനും ആളുകൾ ഏറെയുണ്ട്. ആദ്യം വിലപേശാതെ കിട്ടിയ വിലയ്ക്ക് വിറ്റഴിച്ച നാട്ടിൻപുറത്തുകാർ വില പേശാൻ ആരംഭിച്ചത്‌ വ്യാപാരികൾക്ക് വിനയായിട്ടുണ്ട്. ഇതിനിടയിൽ ചക്കയെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള ചെറുകിട വ്യവസായ യൂനിറ്റുകളും പലയിടത്തും സജീവമാണ്.

ചക്ക വറുത്തതാണ് കൂടുതൽ പേരുടെയും ഉൽപന്നം. ചക്കകൊണ്ട് ഐസ്ക്രീം, സ്ക്വാഷ്, അച്ചാർ, രുചികരമായ പലഹാരങ്ങൾ തുടങ്ങി ഒട്ടേറെ വിഭവങ്ങളും നിർമിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ഇതോടെ നാട്ടിൽ ആർക്കും വേണ്ടാതെ കിടന്ന ചക്കയുടെ ഡിമാൻഡ് കുത്തനെ ഉയർന്നിരിക്കുകയാണ്.

Tags:    
News Summary - Jackfruit Export active after a gap of two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.