ചാലക്കുടി: ചാലക്കുടി നഗരസഭയുടെ കലാഭവൻ മണി പാർക്ക് അവഗണനയിൽ. വർഷങ്ങളായി പാർക്കിന്റെ വികസനം നിലച്ച മട്ടാണ്. ഒന്നാംഘട്ട നിർമാണത്തിൽ നടന്ന പ്രവർത്തനങ്ങൾ ഒഴിച്ചാൽ പുതിയതായി സൗകര്യങ്ങളേർപ്പെടുത്താൻ നഗരസഭ അധികൃതർ തയാറായിട്ടില്ല. സന്ദർശകർക്കായി പുതുതായി യാതൊരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്ന പരാതിയാണ് നാട്ടുകാർക്ക്. പാർക്കിൽ സായാഹ്നം ചിലവഴിക്കാനെത്തുന്ന കുട്ടികൾക്ക് ആവശ്യത്തിന് റൈഡുകളില്ലാത്ത അവസ്ഥയാണ്. ഈവനിങ്-മോണിങ് വാക്ക് നടത്തുന്നവർക്കുഉള്ള പാത്തിന്റെ അപാകതകൾ പരിഹരിക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് ഇരിപ്പിടമില്ലെന്ന കുറവുണ്ട്. പാർക്കിൽ ചില കോണുകൾ ഇരുട്ടിലാണ്. ലൈറ്റുകൾ പലതുംപ്രകാശിക്കുന്നില്ല. കാലമേറെയായിട്ടും ആവശ്യത്തിന് തണൽമരങ്ങൾ നട്ടുവളർത്താൻ അധികൃതർ തയാറാവുന്നില്ല.
പാർക്ക് കോമ്പൗണ്ട് വെള്ളമൊഴിച്ച് പരിപാലിക്കാത്തതിനാൽ മരുഭൂമി പോലെ കിടക്കുകയാണ്. നഗരസഭയുടെ കലാഭവൻ മണി പാർക്കിൽ നഗരസഭയുടെ അനാസ്ഥക്ക് ഏറ്റവും മികച്ച ഉദാഹരണം കവാടത്തിലെ ആനപ്രതിമയുടെ നിർമാണം മാത്രം മതി. പാർക്കിലെത്തുന്ന കുട്ടികൾക്കും മറ്റും ആകർഷണമാകുമെന്ന് പറഞ്ഞ് പുതിയ നഗരസഭ ചെയർമാൻ മുൻകൈയെടുത്ത് കഴിഞ്ഞവർഷം ആഗസ്റ്റിലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. എട്ട് മാസത്തിലേറെയായിട്ടും പ്രതിമ അപൂർണമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.