ചാലക്കുടി: ചാലക്കുടി നിയമസഭ മണ്ഡലത്തിന് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറി മാറി വിജയിപ്പിച്ച ചരിത്രമുണ്ട്. ചാലക്കുടി നഗരസഭയടക്കം ഏഴ് പഞ്ചായത്തുകൾ അടങ്ങുന്ന ചാലക്കുടി നിയോജക മണ്ഡലത്തിൽ 2021ലെ കണക്കനുസരിച്ച് ആകെ 1,92,767 സമ്മതിദായകരാണുള്ളത്. ചില മുന്നണികളെ തുടർച്ചയായി വിജയിപ്പിക്കുകയും പിന്നെ താഴെയിറക്കുകയും ചെയ്യുന്നത് പൊതുസ്വഭാവമാണ്.
ഏതെങ്കിലും ഒരു മുന്നണിക്ക് മേൽകൈ അവകാശപ്പെടാനാവില്ല. ആദ്യകാലത്ത് ദ്വയാംഗ മണ്ഡലമായിരുന്നു ചാലക്കുടി. കോൺഗ്രസ് ആചാര്യനും പിൽക്കാലത്ത് രണ്ട് വട്ടം കേന്ദ്ര മന്ത്രിയാവുകയും ചെയ്ത പനമ്പിള്ളി ഗോവിന്ദമേനോനെ 1957ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തറപറ്റിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അമ്പരപ്പിച്ചുള്ള തുടക്കമാണ് ചാലക്കുടിക്ക് ഉള്ളത്.
തുടർച്ചയായി മൂന്ന് വട്ടം സി.പി.എമ്മിലെ ബി.ഡി. ദേവസ്സിയെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത ചരിത്രവും ചാലക്കുടിക്ക് ഉണ്ട്. കൂടാതെ കേരള കോൺഗ്രസിലെ പി.കെ. ഇട്ടൂപ്പ്, ജനത പാർട്ടിയിലെ കെ.ജെ. ജോർജ് എന്നിവരെ രണ്ടുവട്ടം വീതം നിയമസഭയിലേക്ക് അയച്ചതും ഇടതുപക്ഷം മറക്കാത്ത നേട്ടങ്ങളാണ്. എന്നാൽ, ഇടതു മുന്നണിയിൽ നിന്ന് കളം മാറി മൂന്നാം തവണ നിയമസഭ അങ്കത്തിന് കച്ചകെട്ടി യു.ഡി.എഫിലേക്ക് ചേക്കേറിയ ഇട്ടൂപ്പിനെ തോൽപ്പിച്ചത് ചില സന്ദർഭങ്ങളിൽ ചാലക്കുടിയിൽ ഒരു ചുവട് മുൻതൂക്കം ഇടതുമുന്നണി പ്രകടമാക്കുന്നു. കോൺഗ്രസിലെ പി.പി. ജോർജിനെയും സാവിത്രി ലക്ഷ്മണനെയും ഒന്നിലധികം തവണ ചാലക്കുടിക്കാർ വിജയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ യു.ഡി.എഫിന് ജില്ലയിലെ ഭൂരിഭാഗം സീറ്റുകളും നഷ്ടപ്പെട്ടപ്പോൾ സനീഷ് കുമാർ ജോസഫിനെ നിയോഗിച്ച് മണ്ഡലം തിരിച്ചുപിടിച്ചത് കോൺഗ്രസിന്റെ നേട്ടം തന്നെയാണ്.
പക്ഷേ കണക്കുകൾ നോക്കുമ്പോൾ സനീഷിന്റെത് ഒരു വലിയ വിജയമായിരുന്നുവെന്ന് കോൺഗ്രസുകാർ പോലും കരുതുന്നില്ല. 61,888 വോട്ടുകളാണ് ആകെ ലഭിച്ചത്. എതിരാളിയായ കേരള കോൺഗ്രസ് എമ്മിലെ ഡെന്നീസ് ആൻറണിക്ക് 60,831 വോട്ടുകൾ ലഭിച്ചിരുന്നു. വോട്ടിന്റെ ശതമാനക്കണക്ക് നോക്കിയാൽ സനീഷിന് 43.23 ശതമാനം ലഭിച്ചപ്പോൾ 42.49 ശതമാനം ലഭിച്ചിട്ടുണ്ട്. 2016ൽ സി.പി.എം സ്ഥാനാർഥി ബി.ഡി. ദേവസിക്ക് 74,251 വോട്ടുകളാണ് ലഭിച്ചത്. അതായത് 49.37 ശതമാനം വോട്ട്. 2011ൽ വിജയിച്ച ബി.ഡി. ദേവസിക്ക് 48.90 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2006 ൽ 54 ശതമാനം വോട്ടും ലഭിച്ചിരുന്നു.
സനീഷ് കുമാറിനെ വിജയിപ്പിച്ചതിന് തൊട്ടു മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചാലക്കുടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫാണ് നേട്ടമുണ്ടാക്കിയത്. യു.ഡി.എഫിന് കൈവശമുണ്ടായിരുന്ന കാടുകുറ്റി, അതിരപ്പിള്ളി, കൊരട്ടി പഞ്ചായത്തുകൾ നഷ്ടപ്പെട്ടു. എന്നാൽ, തകർപ്പൻ വിജയത്തിലൂടെ ചാലക്കുടി നഗരസഭയും നേരിയ ഭൂരിപക്ഷത്തോടെ കോടശേരിയും പിടിച്ചെടുക്കാനായിയെന്നതാണ് യു.ഡി.എഫിന്റെ ആശ്വാസം. പക്ഷേ അതിരപ്പിള്ളി, മേലൂർ, പരിയാരം, കൊരട്ടി, കാടുകുറ്റി എന്നിങ്ങനെ അഞ്ചു പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് ഭരണം പിടിച്ചത്. ഈ പശ്ചാത്തലത്തിലാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചിത്രം ചാലക്കുടിയിൽ തെളിയുന്നത്. സിറ്റിങ് എം.പിയായ കോൺഗ്രസ്സിന്റെ ബെന്നി ബഹനാൻ, സി.പി.എമ്മിന്റെ പ്രഫ. സി. രവീന്ദ്രനാഥ്, ബി.ഡി.ജെ.എസിന്റെ കെ.എ. ഉണ്ണികൃഷ്ണൻ, ട്വൻറി 20യുടെ ചാർലി പോൾ എന്നിവരാണ് ഇതുവരെ പ്രത്യക്ഷപ്പെട്ടത്. ലോക്സഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരങ്ങൾ നടന്നിട്ടുള്ളത്. ഇത്തവണയും അതിന് വിരുദ്ധമായ തരംഗങ്ങൾ ഒന്നും മണ്ഡലത്തിൽ ഇതുവരെ ദൃശ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.