ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിന് പിൻവശത്തെ നഗരസഭയുടെ എം.സി.എഫ് കേന്ദ്രത്തിൽ വൻ അഗ്നിബാധ. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് തീപിടിത്തം ഉണ്ടായത്. നാല് മണിക്കൂറോളം തീ ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ ആറ് യൂനിറ്റുകൾ ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തെത്തുടർന്ന് പരിസരത്ത് പുകപടലവും വിഷവായുവും പരന്നതിനാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാക്കിയ പ്രദേശവാസികളെ താൽക്കാലികമായി ഒഴിപ്പിച്ചു.
ചാലക്കുടിയിലെ പ്രധാന പാചക വാതക ഏജൻസിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ആശ ഗ്യാസ് ഏജൻസിയുടെ ഗോഡൗൺ സമീപമായതിനാൽ ആശങ്ക പരന്നു. നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു തുടങ്ങിയവർ സ്ഥലത്തെത്തി തീയണക്കാൻ നിർദേശങ്ങൾ നൽകി.
നഗരസഭയിലെ 12 വാർഡുകളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനാണ് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് മാലിന്യവുമടക്കം വൻ മാലിന്യശേഖരമാണ് ഇവിടെയുള്ളത്.
ശനിയാഴ്ച ഉച്ചക്ക് ജീവനക്കാർ ഇവിടേക്ക് മാലിന്യം അൺലോഡ് ചെയ്യുന്നതിനിടയിലാണ് തീപിടിത്തം ശ്രദ്ധയിൽ പെടുന്നത്. അന്തരീക്ഷതാപനില നിയന്ത്രണാതീതമായതാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ചില്ലുകൾ കൂടിയിട്ട സ്ഥലത്ത് തീപ്പൊരികൾ ഉണ്ടാകാനിടയുണ്ടെന്നാണ് കരുതുന്നത്.
12 ഓളം ജീവനക്കാർ ഈ സമയത്ത് ഉള്ളിലുണ്ടായിരുന്നു. അവർ ഒത്തൊരുമിച്ച് ആദ്യശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. സ്റ്റേഡിയത്തിന് സമീപത്ത് തീയണക്കുന്ന അത്യാധുനിക യന്ത്രസംവിധാനം ഉണ്ടായിരുന്നു. എന്നാൽ ഇത് എങ്ങനെയാണ് പ്രവർത്തിപ്പിക്കേണ്ടതെന്ന് ആർക്കും അറിയാത്തതിനാൽ പ്രയോജനപ്പെട്ടില്ല.
തീ കൂടുതൽ ശക്തമായി പടർന്നതോടെ എല്ലാം കൈവിട്ടു പോകുകയായിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞ് അഗ്നിരക്ഷാസേന യൂനിറ്റുകളെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു. അന്തരീക്ഷം മുഴുവൻ പുക പരക്കുകയും മലിനവായു നിറയുകയും ചെയ്തു.
ചാലക്കുടി നഗരത്തിൽ കഴിഞ്ഞ രണ്ടു മാസമായി തുടർച്ചയായി തീ പിടിത്തങ്ങൾ സംഭവിക്കുന്നുണ്ട്. മാലിന്യം കുന്നുകൂടി കിടക്കുന്ന ചാലക്കുടി മാർക്കറ്റ് പരിസരത്തടക്കം ഇത്തരം തീപിടിത്തമുണ്ടായി. ഇൻഡോർ സ്റ്റേഡിയത്തിന് സമീപം തന്നെ മാലിന്യ കൂമ്പാരത്തിനും തീ പിടിച്ചിരുന്നു. എന്നാൽ തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള കരുതൽ നടപടി നഗരസഭ അധികൃതർ കൈകൊള്ളുന്നില്ലെന്ന് പരാതിയുണ്ട്.
കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ചാലക്കുടി നഗരസഭയിലെ 36 വാര്‍ഡില്‍നിന്നും ഹരിതകർമസേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെ സാധനങ്ങള്‍ തരംതിരിക്കാനും സൂക്ഷിക്കാനും വികേന്ദ്രീകരണാടിസ്ഥാനത്തില് നാല് കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 80 ലക്ഷം രൂപ അനുവദിക്കപ്പെട്ടിരുന്നു.
ചാലക്കുടി ടൗണില്‍ രണ്ടെണ്ണവും പോട്ടയില്‍ നഗരസഭ വക സ്ഥലത്ത് ഒന്നും പടിഞ്ഞാറെ ചാലക്കുടിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നും ഉള്‍പ്പെടെ നാല് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഫണ്ട് വകയിരുത്തിയിരുന്നത്.
എന്നാൽ ചാലക്കുടി ടൗണില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പിന്നിലായി പണിത ഒരു സംഭരണകേന്ദ്രം മാത്രമാണ് നാളിതുവരെയായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 36 വാർഡുകളിലെയും മാലിന്യം ഒരേ സ്ഥലത്ത് കുന്നുകൂടുന്നത് നിയന്ത്രണാതീതമായ സാഹചര്യം ഒരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.