ചാലക്കുടി: നവകേരള സദസ്സിൽ പങ്കെടുക്കാൻ മന്ത്രിസഭാംഗങ്ങൾ സഞ്ചരിക്കുന്ന ബസിന് മുന്നിൽ ചാടുന്നവർക്കും മുഖ്യമന്ത്രിയെ ചീത്ത വിളിക്കുന്നവർക്കും ചീമുട്ടയെറിയുന്നവർക്കും കോൺഗ്രസ് നേതാക്കൾ പണം ഓഫർ ചെയ്തിരിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു.
സർക്കാർ ജനങ്ങളിലേക്ക് എത്തുന്നതിൽ അസ്വസ്ഥരായ കോൺഗ്രസ് നേതാക്കളാണ് ഈ മാർഗം സ്വീകരിക്കുന്നതെന്നും ഇവർ അണികളെ തെറ്റായ വഴിയിലൂടെ നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടിയിൽ അടിപ്പാത വേണമെന്ന ജനങ്ങളുടെ ആവശ്യം യഥാർഥ്യമായി. ‘ലെവൽ ക്രോസില്ലാത്ത കേരളം’ പദ്ധതിയിൽ ചിറങ്ങര റെയിൽവേ മേൽപാലം നിർമാണം 80 ശതമാനത്തിലേറെയായി. ടൂറിസവുമായി ബന്ധപ്പെട്ട് ചാലക്കുടി-ആനമല റോഡ് നവീകരണം നടക്കുകയാണ്. വെള്ളിക്കുളങ്ങര-വെറ്റിലപ്പാറ മലയോര ഹൈവേ പൂർത്തിയാവുന്നു. ഭൂമിക്ക് വില കൂടുതലാണെന്ന് പറഞ്ഞ് യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച ദേശീയപാത 66 ന്റെ പ്രവൃത്തി ഈ സർക്കാർ ആരംഭിച്ചു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകൾ ജനകീയമാക്കിയെന്നും ചാലക്കുടി റസ്റ്റ് ഹൗസിൽ 40 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.