ചാലക്കുടി: ചൊവ്വാഴ്ച വൈകീട്ട് വീശിയ കാറ്റിലും മഴയിലും മേലൂരിലും പരിയാരത്തും കൃഷി നാശം. 1200ൽപരം വാഴകൾ നശിച്ചു. ജാതിക്കും മറ്റ് വിളകൾക്കും നാശമുണ്ടായി.
ചാലക്കുടി മേഖലയിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് നാശമുണ്ടായത്. പലയിടത്തും മരങ്ങളുടെ കൊമ്പുകൾ ഒടിഞ്ഞുവീഴുകയും നിലം പൊത്തുകയും ചെയ്തു. പരിയാരം ചക്രപാണിയിലും മരം വീണ് നാശമുണ്ടായി. മരത്തിന്റെ കൊമ്പുകൾ വീണ് വൈദ്യുത കമ്പികൾ പൊട്ടിവീണു.
കൊന്നക്കുഴി പുതുശേരി വീട്ടിൽ ബെസ്റ്റോ ബെന്നിയുടെ ആന്ത്രക്കാംപാടത്തെ വാഴത്തോട്ടത്തിൽ 1,200 ഓളം വാഴകൾ കാറ്റത്ത് ഒടിഞ്ഞുവീണു. തോട്ടത്തിലെ നിരവധി വേറെയും വാഴകൾ കാറ്റേറ്റ് നശിച്ച നിലയിലാണ്. 7000 ത്തോളം വാഴകളാണ് തോട്ടത്തിൽ കൃഷി ചെയ്തിരുന്നത്. പരിയാരം കൃഷിഭവനിൽ വാഴകൃഷിക്കുള്ള പ്രത്യേക അവാർഡ് ബെസ്റ്റോ ബെന്നിക്ക് കഴിഞ്ഞ ചിങ്ങം ഒന്നിന് ലഭിച്ചിരുന്നു. കാറ്റും മഴയും മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഇപ്പോൾ ഉണ്ടായത്.
കൊന്നക്കുഴിക്ക് സമീപം ചക്രപാണിയിൽ പെരുംകുളങ്ങര കുട്ടപ്പന്റെ വീടിന് മുകളിൽ മരം വീണ് നാശമുണ്ടായി. വീടിന്റെ ചുവരുകൾക്കും മേൽക്കൂരക്കുമാണ് പ്രധാനമായും കേട് സംഭവിച്ചത്. അയൽവീട്ടിലെ മരമാണ് വീണത്. ഇന്നലെയുണ്ടായ കാറ്റിൽ മേലൂർ പിണ്ടാണിക്കടുത്ത് ടോമി മേച്ചേരിയുടെ അറുപതോളം വാഴകൾ ഒടിഞ്ഞു. ഒന്നരയേക്കറിൽ എഴുന്നൂറോളം വാഴകളാണ് ടോമി കൃഷിചെയ്തത്. കൂടാതെ ജാതി മരങ്ങളും കടപുഴകി വീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.