ചാലക്കുടി: സ്കൂൾ കെട്ടിടത്തിന് മുകളിൽ മരം വീണിട്ടും വെട്ടിമാറ്റാതെ നഗരസഭ അധികൃതർ. ചാലക്കുടി ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന് മുകളിലാണ് മരം വീണത്. കെട്ടിടത്തിന്റെ ഓടും മേൽക്കൂരയുടെ വശവും തകർന്ന നിലയിലാണ്. ചുവരും തകർച്ചാഭീഷണിയിലാണ്.
ഈ മരം കെട്ടിടത്തിന് മുകളിലേക്ക് ചരിഞ്ഞിട്ട് നാളുകളായി. അതിന് തൊട്ടുമുമ്പാണ് കുട്ടികളെ സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മരം എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കെട്ടിടത്തിന് മുകളിൽ വീണ മരം വിദ്യാർഥികളുടെ ജീവന് ഭീഷണിയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കാറ്റിലും മഴയിലും മരം കൂടുതൽ ചരിഞ്ഞാൽ കെട്ടിട്ടം തകർന്ന് വീഴാം. ഇതിന്റെ വരാന്തയിലും സമീപത്തുമായാണ് കുട്ടികൾ കളിക്കാനും മറ്റും എത്തുന്നത്. എൽ.പി സ്കൂളിലെ കുട്ടികളും ഇതിനോട് ചേർന്ന ഡി.എഡ് കോളജിലെ കുട്ടികളും വന്നെത്തുന്ന സ്കൂൾ കോമ്പൗണ്ട് അപകടരഹിതമാക്കേണ്ടതുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരു കാരണവുമില്ലാതെ വഴിയോരത്തെ അപകടരഹിതമായ മരങ്ങൾ പോലും ഷോപ്പിങ് കോംപ്ലക്സ് മുതലാളിമാർക്ക് വേണ്ടി വെട്ടിമാറ്റുന്ന നഗരസഭ വിദ്യാർഥികളുടെ കാര്യത്തിൽ അനാസ്ഥ തുടരുന്നതിന്റെ കാരണം വ്യക്തമല്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. നഗരസഭയുടെ കൈവശമുള്ള തൊട്ടടുത്ത ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന ആവശ്യത്തോടും നഗരസഭ അധികൃതർ മുഖം തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.