ചാലക്കുടി: കോടശ്ശേരിയിൽ ജനവാസ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ വൻ തീപിടിത്തം. കുറ്റിച്ചിറ കോർമല ആശ്രമത്തിനു സമീപം വനത്തിലാണ് ഞായറാഴ്ച കാട്ടുതീ നിയന്ത്രണാതീതമായി പടർന്നത്.
ഏക്കറുകളോളം പ്രദേശമാകെ തീ പടർന്നു പിടിച്ചിരിക്കുകയാണ്. മലയുടെ മുകൾ വശമാകെ കത്തുകയാണ്. തീ ഇരുവശത്തെയും താഴ്വാരത്തേക്ക് ഇറങ്ങി വരുന്ന അവസ്ഥയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയിൽ തീപിടിക്കാൻ തുടങ്ങിയിട്ട്. എന്നാൽ, ഇത് നിയന്ത്രണവിധേയമായിരുന്നു.
ഞായറാഴ്ച അന്തരീക്ഷത്തിൽ താപനില വൻതോതിൽ വർധിച്ചതോടെ തീ വീണ്ടും സജീവമായി. ഉണങ്ങിയ അടിക്കാടും കാട്ടുമരങ്ങളും കത്താൻ തുടങ്ങി. ഉച്ചയോടെ ആളിപ്പടരുകയായിരുന്നു. ഇതോടെ മേഖലയിലെ വീടുകളിലേക്ക് ചൂടുകാറ്റ് ആഞ്ഞടിച്ചു.
തീ ജനവാസ പ്രദേശത്തേക്ക് എത്തുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീ അണക്കാനും കൂടുതൽ പ്രദേശത്ത് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ്. ചാലക്കുടിയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേനയും വനപാലകരും ചേർന്ന് ജനവാസ മേഖലയിലേക്ക് വന്നെത്താതിരിക്കാൻ ഫയർ ലൈൻ തീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.