ചാവക്കാട്: അകലാട് മൂന്നയിനിയിൽ യുവാവ് മരിച്ച സംഭവത്തിൽ സ്പിരിറ്റ് എത്തിച്ച ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു. മന്ദലാംകുന്ന് വെട്ടിപ്പുഴ സ്വദേശി സുബി (28) ഓടിക്കുന്ന വാഹനമാണ് വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി റിഫൈനറിയിൽനിന്ന് മീഥൈൽ ആൽക്കഹോൾ കർണാടകയിലെ വിവിധ മരുന്ന് കമ്പനികളിലേക്ക് കയറ്റുന്ന ടാങ്കർ ലോറി ചാലക്കുടി സ്വദേശിയുടേതാണ്. കഴിഞ്ഞ 16നാണ് അകലാട് എം.ഐ.സി ബീച്ച് കാക്കനകത്ത് ഷമീർ (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനും പരിസരവാസിയുമായ വടക്കെപുറത്ത് സുലൈമാൻ (30) തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷമീർ മരിച്ചതിനുശേഷം വടക്കേക്കാട് പൊലീസും എക്സൈസും നടത്തിയ പരിശോധനയിൽ ഷമീറിെൻറ വീടിനു സമീപത്തെ വിറക് പുരയിൽനിന്ന് ഒന്നരലിറ്റർ മദ്യവും രണ്ട് ലിറ്ററിെൻറ കാനിൽ സൂക്ഷിച്ച സ്പിരിറ്റിെൻറ ബാക്കിയും ഒരു കുപ്പിയിൽ ബാക്കിയായ സാനിറ്റെെസറിൽ ചേർക്കുന്നതെന്ന് സംശയിക്കുന്ന രാസപദാർഥവും കണ്ടെത്തിയിരുന്നു. മദ്യത്തോടൊപ്പം സ്പിരിറ്റും കുടിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇതേതുടർന്ന് നടന്ന അന്വേഷണമാണ് സ്പിരിറ്റും കർണാടക സംസ്ഥാനത്ത് നിർമിക്കുന്ന വിദേശമദ്യവും രാസപദാർഥവും വിതരണം ചെയ്തത് സുബിയാണെന്ന് മനസ്സിലായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം വ്യക്തമാകൂ.
രാത്രി കടപ്പുറത്തിരുന്നാണ് യുവാക്കൾ സംഘം ചേർന്ന് മദ്യപിച്ചത്. 15ന് രാവിലെ ഷമീറും സുലൈമാനും വീണ്ടും മദ്യപിച്ചതോടെയാണ് ഛർദ്ദി ആരംഭിച്ചത്. അന്ന് വൈകീട്ട്ആശുപത്രിയിലെത്തിച്ച ഷമീർ പിറ്റേ ദിവസമാണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുലൈമാൻ അവിടെ തുടരുകയാണ്. ഇയാളെ കാണാൻ ഒപ്പം മദ്യപിച്ച നാല് യുവാക്കളെത്തിയപ്പോൾ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, പിന്നീട് ദേഹാസ്വാസ്ഥ്യം തോന്നിയ നാലുപേരും ചികിത്സ തേടിയപ്പോൾ ഇവർക്ക് മഞ്ഞപ്പിത്തമുണ്ടെന്ന പരിശോധന ഫലമാണ് ലഭിച്ചത്. രണ്ടുപേർക്ക് വലിയ പ്രശ്നമില്ലെങ്കിലും അതിൽ ഒരാൾക്ക് മഞ്ഞപ്പിത്തം കൂടുതലാണ്. കൂട്ടത്തിലെ മറ്റൊരാൾക്ക് കാഴ്ചക്കുറവും തുടങ്ങിയിട്ടുണ്ടെന്നറിയുന്നു. മൂന്നയിനി ബീച്ചിൽ കാറ്റാടി മരങ്ങൾക്കിടയിലെ ഏറുമാടങ്ങളാണ് മദ്യ മയക്കുമരുന്ന് സംഘങ്ങളുടെ താവളം. കഞ്ചാവും കള്ളുമായി വിദ്യാർഥികൾ വരെ എത്തുന്ന സ്ഥലമാണിത്. നിയന്ത്രിക്കാനും നടപടിയെടുക്കാനും ഇവിടെ അധികമാരുമെത്താറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.