മണത്തല നേർച്ചയുടെ വിളംബരമായി ഷഹനായ് വാദകൻ മുഹമ്മദ് ഹുസൈന്റെ
നേതൃത്വത്തിലുള്ള മുട്ടും വിളി സംഘം പള്ളിക്കു മുന്നിൽ
ചാവക്കാട്: ചാവക്കാട്ടുകാർക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന നേർച്ച ഓർമകൾ തട്ടി ഉണർത്തുന്ന ഷഹനായി ശബ്ദമുണർന്നു. ചാവക്കാടിന്റ നാട്ടുവഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘമാണ് ചീനിയുടെ നാദവും മുരശിന്റെ താളവുമായി ഗതകാല ഓർമകളെ ഉണർത്തുന്നത്. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ 15 വരെ കെ.എസ്. മുഹമ്മദ് ഹുസൈനും കൂട്ടരുമാണ് ‘മുട്ടും വിളി’യുമായി നാനാദിക്കിലും നേർച്ചയുടെ വിളംബരം അറിയിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം സാമൂതിരിയുടെയും മൈസൂർ ചക്രവർത്തിമാരുടെയും പ്രതിനിധിയായി ചാവക്കാട് ഭരിച്ച ധീര പോരാളി നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പന്റെ ധീര സ്മരണയുടെ ഭാഗമായാണ് മണത്തല നേർച്ച ആഘാഷിക്കുന്നത്. ഒരു ദേശത്തിന്റെ മാനവ കൂട്ടായ്മയുടെ ഉത്സവമായി മകരം 14, 15 തിയതികളിൽ മണത്തലയിൽ കാഴ്ചകൾ ഒഴുകിയെത്തും.
57 വർഷമായി മണത്തല അംശത്തിലെ ഓരോ ദേശവും ഇടവഴികളും പാലക്കാട് ബദറിയ മുട്ടുവിളി സംഘത്തിലെ ഷഹനായ് വാദകൻ മുഹമ്മദ് ഹുസൈന് മനഃപാഠമാണ്. അംഗങ്ങളായ സിദ്ദീഖ് (മുരശ്), മൂസ (ഡോൾ), അക്ബർ (ഒറ്റ) മുസ്തഫ (ഒറ്റ ) എന്നിവർക്കൊപ്പം ഉസ്താദ് മുഹമ്മദ് ഹുസൈന്റെ പേരക്കുട്ടികളായ പന്ത്രണ്ടുകാരൻ ഹയാസ് മൂഹിയുദ്ദീനും ഏഴു വയസ്സുകാരൻ ഹൈഫാസ് ബിലാലും ഇക്കുറി സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.