ചാവക്കാട്: തീരദേശ പാത നിർമാണത്തിന്റെ ഭാഗമായി ഭൂമി അളന്ന് കല്ലിടൽ ആരംഭിച്ച കടപ്പുറം പഞ്ചായത്തിൽ പ്രതിഷേധം ശക്തം. ഇതോടെ കല്ലിടൽ നിർത്തി. തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്ത് എത്തിയപ്പോഴാണ് പ്രതിഷേധം ആരംഭിച്ചത്. കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് മുതൽ അഹമ്മദ് കുരിക്കൾ റോഡിലൂടെയാണ് കല്ലിടൽ ആരംഭിച്ചത്.
തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ റോഡിൽനിന്ന് മാറി കിഴക്ക് ഭാഗത്തെ ജനവാസം കൂടുതലുള്ള മേഖലയിലൂടെയാണ് ഭൂമി അളന്ന് കല്ലിടൽ നടത്തുന്നത്. നിലവിലെ റോഡ് ഒഴിവാക്കിയാണ് ഈ ഭാഗത്ത് നിർമ്മാണം നടത്തുന്നത്. തൊട്ടാപ്പു മുതൽ തെക്കോട്ട് അഹമ്മദ് കുരിക്കൾ റോഡിലൂടെ തീരദേശ പാത പോകുന്നത് കടലാക്രമണത്തിനു കാരണമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ നിലവിലുള്ള പി.ഡബ്ല്യു.ഡി റോഡ് (അഹമ്മദ് കുരിക്കൾ റോഡ്) ഉപയോഗപ്പെടുത്തി തീരദേശ ഹൈവേ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിലെ ജനപ്രതിനിധികൾ, എം.എൽ.എ, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഭൂമിയുടെ ന്യായവില ഈ പ്രദേശത്ത് സെന്റിന് 29,000 മുതൽ 42,000 വരെയാണ്. ഇതിന്റെ ഇരട്ടി വിലയായാലും സെന്റിന് 58,000 രൂപ മുതൽ 82,000 രൂപ വരെയാണ് വിവിധ പ്രദേശങ്ങളിൽ ലഭിക്കുക. സർക്കാർ പറയുന്നത് ഈ വില നൽകുമെന്നാണ്.
എന്നാൽ മാർക്കറ്റ് വിലയുടെ ഇരട്ടി വേണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൊട്ടടുത്ത ദേശീയ പാതക്കായി ഭൂമി എറ്റെടുക്കുന്നതിന് സ്വീകരിച്ച നഷ്ടപരിഹാര പാക്കേജ് തീരദേശ ഹൈവേയുടെ കാര്യത്തിലും സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച 11ഓടെ ആരംഭിച്ച പ്രതിഷേധം രണ്ട് വരെ നീണ്ടു.
ഇതിനിടെ കല്ലിടൽ തുടരണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ സമരക്കാർക്കെതിരെ എത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസ് എത്തി ഇരുകൂട്ടരെയും ശാന്തരാക്കി. ചൊവ്വാഴ്ച സർവകക്ഷി യോഗം ചേർന്ന് തീരുമാനത്തിലെത്തിയ ശേഷം കല്ലിടൽ പുനരാരംഭിച്ചാൽ മതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുൻപഞ്ചായത്ത് പ്രസിഡന്റുമായ പി.വി. ഉമ്മർകുഞ്ഞി, മുൻ പഞ്ചായത്ത് പ്രസിസന്റ് പി.എം. മുജീബ്, ലീഗ്, യൂത്ത് ലീഗ് നേതാക്കളായ സൈദുമുഹമ്മദ് പൊക്കാകില്ലത്ത്, വി.എം. മനാഫ്, ടി.ആർ. ഇബ്റഹീം, പി.എ. അഷ്കർഅലി, പി.കെ. അലി, ആർ.എസ്. ശഹീം, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി. മൻസൂർഅലി, സാലിഹ ഷൗകത്ത്, ശുഭ ജയൻ, അംഗങ്ങളായ മുഹമ്മദ് നാസിഫ്, അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, സ്ഥലമുടമകൾ എന്നിവരാണ് പ്രതിഷേധവുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.