ചാവക്കാട്: തിരുവത്ര ചിങ്ങനാത്തുകടവ് പാലം നിർമാണം പ്രഖ്യാപിച്ചിട്ട് ആറര വർഷമായിട്ടും നടപടിയില്ല. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പുന്ന ചിങ്ങനാത്ത് പാലം പൊളിച്ച് തിരുവത്രയില്‍നിന്ന് ഗുരുവായൂര്‍, ചാവക്കാട് മേഖലയിലേക്ക് എളുപ്പമത്തൊവുന്ന വിധത്തില്‍ പുതിയ പാലം പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചാവക്കാടിന്റെ വികസനക്കുതിപ്പിത്തിന് വഴി വെക്കുന്നതാണ് പാലം നിർമാണം.
തീരമേഖലയിലയിലുള്ളവര്ക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വേഗത്തില്‍ എത്താനും ഇത് ഏറെ പ്രയോജനകരമാകും. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യും. കുന്നംകുളം ഗുരുവായൂർ, തൃശൂർ നഗരങ്ങളിലേക്കെത്താൻ മൂന്നര കിലോ മീറ്റർ ദൈർഘ്യം കുറക്കാനുമാകും. അരനൂറ്റാണ്ടോളം പഴക്കമുണ്ട് നിലവിലെ ചീർപ്പ് പാലത്തിന്. കലപ്പഴക്കം കൊണ്ടും ആളുകൾ സ്ഥിരമായി നടക്കുന്നതുകൊണ്ടും ചവിട്ട് കല്ലുകൾ തേഞ്ഞിരിക്കുകയാണ്. ദിവസവും നിരവധിയാളുകൾ നടക്കുന്ന പാലത്തിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണിപ്പോൾ.
പാലത്തിന്റെ കാലുകൾ ഉപ്പുവെള്ളത്തിൽനിന്ന് ദ്രവിച്ച് ഇരുമ്പ് കമ്പികൾ കാണാൻ തുടങ്ങിയിട്ടും വർഷങ്ങളായി. പാലവും അപ്രോച്ച് റോഡും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 40 കോടി ചെലവിൽ നിർമിക്കുമെന്ന പ്രഖ്യാപനം സംസ്ഥാന ബജറ്റിലാണുണ്ടായിട്ട് ആറര വർഷം കഴിഞ്ഞു.
നിർമാണ മേഖലയുൾപ്പെടെ സാധന സാമഗ്രികൾക്ക് വൻ വിലക്കയറ്റമുണ്ടായ സാഹചര്യത്തിൽ 40 കോടി ബജറ്റിൽ ഈ പദ്ധതി നടക്കാനിടയില്ല. ബജറ്റ് പുതുക്കൽ, സർവേ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ നടപടികൾ എത്രയും പെട്ടെന്ന് ആരംഭിച്ചില്ലെങ്കിൽ പാലം നിർമാണം തുടങ്ങാൻ വർഷങ്ങൾ ഇനിയും കുറെ കാത്തിരിക്കേണ്ടി വരും.
പാലത്തിന്റെ അപ്രോച്ച് റോഡ് നിർദിഷ്ട ദേശീയ പാതയിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് നാഷനൽ ഹൈവേ അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരം ഓഫിസിൽ ടെക്നിക്കൽ മാനേജർ അൻസിലുമായി കൂടിക്കാഴ്ച നടത്തിയ എൻ.കെ. അക്ബർ എം.എൽ.എ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.