ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷമായി കര കവരുമ്പോൾ ശാശ്വത പരിഹാരമകലുന്നു. നിസ്സംഗരായ അധികൃതരുടെ കണ്ണുതുറപ്പിക്കാൻ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. അരനൂറ്റാണ്ടിനിടയിൽ കടപ്പുറം പഞ്ചായത്തിന്റെ അര കിലോമീറ്ററിലധികം തീരം കടൽ കവർന്നു.
ഇത്രയും സ്ഥലത്ത് നിരവധി വീടുകൾ ഉണ്ടായിരുന്നു. അവരെല്ലാം പല ഭാഗങ്ങളിലാണിപ്പോൾ താമസം. കരയിലുള്ള പലരുടെയും പട്ടയം ഇപ്പോൾ കടലെടുത്ത സ്ഥലത്താണ്. നൂറിലേറെ വീട്ടുകാരെ പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്.
കടലേറ്റത്തിനൊപ്പം ശുദ്ധജല സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറി. ഇതോടെ ശുദ്ധജല ക്ഷാമവും നീറുന്ന പ്രശ്നമായി. ഓരോ കടലാക്രമണ സമയത്തും നിറയെ വാഗ്ദാനങ്ങളുമായി രാഷ്ട്രീയ നേതാക്കളും കണക്കെടുപ്പിന് ഉദ്യോഗസ്ഥരും എത്തുമെങ്കിലും പരിഹാരം ഉണ്ടാകാറില്ല. ഇനിയും ഇങ്ങനെ സഹിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ നാട്ടുകാർ സംഘടിക്കുകയാണ്. ആദ്യപടിയായി 'കടപ്പുറം പൗരസമിതി' പേരിൽ വാട്സ്ആപ് കൂട്ടായ്മ ആരംഭിച്ചു. മുനക്കക്കടവ് പുലിമുട്ട് സമരസമിതി നേതാവ് ഷറഫുദ്ദീൻ മുനക്കക്കടവ്, പൊതുപ്രവർത്തകരായ പി.എസ്. മുഹമ്മദ്, ഉബൈദ് വെളിച്ചെണ്ണപ്പടി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായ്മ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഉടൻ യോഗം ചേരും.
ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ മേഖലയിലുണ്ടാകുന്നത്.
പഞ്ചായത്തിലെ എട്ട് കിലോമീറ്ററിനുള്ളിൽ ഓരോ 500 മീറ്ററിലും 100 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കലാണ് ശാശ്വത പരിഹാരമെന്നാണ് ഷറഫുദ്ദീൻ മുനക്കക്കടവിനെപ്പോലുള്ളവരുടെ അഭിപ്രായം. വർഷകാലത്ത് മാത്രമല്ല കടലാക്രമണം. വേലിയേറ്റം ശക്തി പ്രാപിച്ചും കടൽ ക്ഷോഭിക്കാറുണ്ട്. കുഴപ്പൻ തിര, തുരപ്പൻ തിര തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഇവയും കടലാക്രമണമായാണ് കടപ്പുറത്തെ ബാധിക്കുന്നത്.
കടൽഭിത്തിക്ക് പകരം സർക്കാർ നടപ്പാക്കിയ ജിയോ ബാഗ് പദ്ധതി പൂർണ പരാജയമായി. കടപ്പുറത്ത് സ്ഥാപിച്ച ജിയോ ബാഗുകൾ പലയിടത്തും തിരയടിച്ച് തകർന്നു ചിതറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.