ചാവക്കാട്: നരേന്ദ്ര മോദിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എൻ. ഗോപ പ്രതാപനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. ഗുരുവായൂർ മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഈ ആവശ്യമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കത്തയച്ചു.
മോദിയെ സ്തുതിച്ച് പോസ്റ്റർ ഷെയർ ചെയ്ത ഗോപപ്രതാപന്റേത് ഗുരുതര പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടി. മുമ്പും സമാനമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയയാളാണ് ഗോപപ്രതാപൻ. മണത്തല മേൽപാല പ്രക്ഷോഭ സമരത്തിൽ ബി.ജെ.പിയെ കൂടി ഉൾപ്പെടുത്തണമെന്ന് യു.ഡി.എഫ് യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധത്തെ തുടർന്നാണ് ആ തീരുമാനം പിൻവലിച്ചതെന്ന് കത്തിൽ പറയുന്നു. നിരന്തരം സംഘ് അനുകൂല നിലപാട് സ്വീകരിക്കുന്ന ബ്ലോക്ക് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഒട്ടനവധി ന്യൂനപക്ഷ കുടുംബങ്ങൾ പാർട്ടി വിട്ടിട്ടുണ്ട്.
പുന്നയൂർക്കുളം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഡി.സി.സി പാനലിനെതിരെ ബി.ജെ.പിക്കാരെ ഉൾപ്പെടുത്തി റിബൽ പാനൽ ഉണ്ടാക്കി മൽസരിപ്പിച്ചതായും ആരോപിക്കുന്നു. നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനാർഥിയായിരുന്ന കൗൺസിലർക്കെതിരെ അപകീർത്തി വാർത്ത കൊടുത്ത പരാതിയും നിലനിൽക്കുന്നുണ്ട്.
കെ.പി.സി.സി അംഗം പി.കെ. അബൂബക്കർ ഹാജി, ഡി.സി.സി സെക്രട്ടറിമാരായ ടി.എസ്. അജിത്, എ.എം. അലാവുദ്ദീൻ, കെ.ഡി. വീരമണി, പി. യതീന്ദ്രദാസ്, ഗുരുവായൂർ, ചാവക്കാട് നഗരസഭ കൗൺസിലർമാരായ കെ.പി. ഉദയൻ, കെ.വി. സത്താർ, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, പൂക്കോട് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ്, നേതാക്കളായ കെ. നവാസ്, പി. ഗോപാലൻ, എൻ.എം.കെ. നബീൽ, ശ്രീധരൻ മാക്കാലിക്കൽ തുടങ്ങിയവരാണ് എഴുത്തിൽ ഒപ്പുവെച്ചത്.
അതേസമയം യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എച്ച്.എം. നൗഫൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മൊയ്ദീൻഷാ പള്ളത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ എന്നിവർ ഗോപപ്രതാപന് പിന്തുണയറിയിച്ച് രംഗത്തെത്തി.
കുട്ടികളുടെ കൈയബദ്ധം മൂലം ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിന്റെ പേരിൽ കോൺഗ്രസ് പ്രസ്ഥാനത്തേയും ബ്ലോക്ക് പ്രസിഡന്റിനെയും ഇകഴ്ത്തി കാണിക്കുന്നത് പ്രതിഷേധാർഹമാണെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.