ചാവക്കാട്: ചാവക്കാട് മേഖലയിൽ 12 മാസത്തിനിടെ 38 ആത്മഹത്യയെന്ന് പൊലീസ്. ആത്മഹത്യകൾ ഏറെ നടന്ന പ്രദേശത്ത് ബോധവത്കരണ നടപടികൾ ഏപ്രിൽ ആദ്യ വാരം തുടങ്ങും. ചാവക്കാട്, വടക്കേക്കാട് സ്റ്റേഷൻ പരിധികളിൽ 2021 മാർച്ച് ഒന്നു മുതൽ 2022 മാർച്ച് 23 വരെ അപകടം ഉൾപ്പെടെ മൊത്തം മരണം 61 ആണെന്ന് ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷ് പറഞ്ഞു. കഴിഞ്ഞ 24 മാസത്തിനിടെ 35 പേർ ആത്മഹത്യ ചെയ്ത വിവരം വ്യാഴാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് രണ്ട് സ്റ്റേഷനുകളിൽ നിന്നുമെടുത്ത റിപ്പോർട്ട് ഉദ്ധരിച്ചാണ് എ.സി.പി ഇക്കാര്യം വ്യക്തമാക്കിയത്.
ചാവക്കാട് സ്റ്റേഷൻ പരിധിയിൽ 30 പേരും വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ നിന്ന് 31 പേരുമാണ് മരിച്ചത്. ഈ 61ൽ 10 പേർ വാഹനാപകടങ്ങളിലാണ് മരിച്ചത്. ബാക്കിയുള്ളവരിൽ ഒരാൾ തീ കൊളുത്തിയും വേറൊരാൾ വെള്ളത്തിൽ ചാടിയും മരിച്ചു. ബാക്കിയുള്ളവരെല്ലാം തൂങ്ങി മരിച്ച നിലയിലായിരുന്നു. കുഞ്ഞുങ്ങളുൾപ്പെടെയാണ് മരിച്ചത്.
മരിച്ചവരിൽ 10 മുതൽ 20 വരെയും 21 മുതൽ 30 വരെയും വയസ്സുള്ളവർ ആറ് വീതമാണ്. 30 മുതൽ 40 വരെ എട്ട് പേരും 41 മുതൽ 50 വരെ ആറും 50 മുതൽ 60 വരെ മൂന്നും 61 മുതൽ 70 വരെയുള്ള ഏഴ് വയോധികരുമുണ്ട്. ആത്മഹത്യ ചെയ്തവരിൽ 40നു താഴെ 50 ശതമാനത്തിലേറെയാണ്; 19 പേർ -എ.സി.പി സുരേഷ് താരതമ്യ പഠനം നടത്തി. ആത്മഹത്യ ചെയ്തവരിൽ സാമ്പത്തിക പ്രയാസത്തെക്കാളുപരി കുടുംബ ബന്ധങ്ങളിൽനിന്നുള്ള നിസ്സാര സംഭവങ്ങളാണെന്ന് അദ്ദേഹം വിവരിച്ചു.കടപ്പുറം പഞ്ചായത്തിൽ ഭർത്താവ് കടലിൽ തോണിയപകടത്തിൽപെട്ടെന്ന് കേട്ടയുടൻ ഭാര്യ തീ കൊളുത്തി മരിച്ചത് ഇത്തരത്തിലാണ്. സമൂഹത്തിലിറങ്ങിയുള്ള ശക്തമായ ബോധവത്കരണം കൊണ്ടേ ആത്മഹത്യ തടയാൻ കഴിയൂ. അതിനായി ജനമൈത്രി പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്തും. എൻ.കെ. അക്ബർ എം.എൽ.എ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ഏപ്രിൽ ആദ്യവാരം ഒരു കൂടിയാലോചന നടത്തുമെന്നും എ.സി.പി പറഞ്ഞു.
ഷീജ പ്രശാന്ത് (ചാവക്കാട് നഗരസഭ ചെയർപേഴ്സൻ)
സമൂഹത്തിലെ ഒറ്റപ്പെടലുകളാണ് പലരെയും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. മാനസികമായ പ്രയാസങ്ങൾ പങ്കുവെക്കാൻ ആർക്കും സാധിക്കാത്ത വിധം സൗഹൃദങ്ങൾ നഷ്ടപ്പെടുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലെ തിരക്കുകൾ കാരണം ഷെയറിങ്ങും കെയറിങ്ങും കിട്ടാതെ പോകുന്നു. ഈ സാഹചര്യത്തിൽ പ്രയാസങ്ങൾ സ്വയം ഉള്ളിലൊതുക്കുന്നതാണ് ആത്മഹത്യയിലെത്തിക്കുന്നത്. ബോധവത്കരണത്തിലൂടെ ഒരു പരിധി വരെ ആത്മഹത്യ പ്രവണത കുറക്കാൻ കഴിയും. എന്നാൽ, ശാരീരിക, മാനസികാരോഗ്യത്തിന്റെ വളർച്ചക്ക് ഉതകുന്ന പരിശീലനവും വ്യത്യസ്ത കഴിവുകളെ പുറത്തെടുക്കുന്നതിനുമുള്ള സാഹചര്യവും വേണം. നഗരസഭ ഇതിനായി വേണ്ട നടപടികൾക്ക് ശ്രമിക്കും.
വൈകാരികമായ പക്വതയില്ലായ്മയും രാത്രി ഉറക്കമില്ലായ്മയും വിഷാദരോഗവും ആത്മഹത്യക്ക് കാരണമാകുന്നു. വൈകാരിക പക്വതയുടെ (ഇമോഷനൽ ക്വാഷ്യന്റ്) അഭാവമാണ് ചെറിയ പ്രശ്നങ്ങൾ നേരിടുമ്പോഴേക്ക് മനസ്സ് തളർന്ന് പോകുന്നത്. ഐക്യുവിനെക്കാൾ പ്രധാനമാണ് ഈ ഇ.ക്യു. പുതിയ തലമുറക്ക് നഷപ്പെട്ടത് വിശാലതയാണ്.
സുലൈമാൻ അസ്ഹരി (മുതുവട്ടൂർ മഹല്ല് ഖതീബ്, കുടുംബാരോഗ്യ, മനോരോഗ കൗൺസലർ)
മനഃശക്തിയുടെ അഭാവമാണ് ഇത്തരം സംഘർഷങ്ങൾക്ക് കാരണം. മാനസിക പിരിമുറുക്കം ഒരാഴ്ച നീണ്ടുനിന്നാൽ അത് സമ്മർദത്തിനു കാരണമാകും. ഇത്തരം സമ്മർദങ്ങളെ മെഡിറ്റേഷനിലൂടെയും വ്യായാമത്തിലൂടെയും കുറക്കാൻ സാധിക്കും. അല്ലെങ്കിൽ ഫോർഗിവ്നെസ് തെറപ്പി -ആരുമായാണോ പിണക്കമുള്ളത് അയാളുമായി സംസാരിച്ച് രമ്യതയിൽ പ്രശ്നം പരിഹരിക്കാം. അങ്ങനെ വന്നില്ലെങ്കിൽ ഉറക്കത്തെ ബാധിക്കും. പിന്നീട് അത് ഒരു ആഘാതമായി വിഷാദരോഗത്തിലേക്കു നീങ്ങി ആത്മഹത്യയിലെത്തിക്കുകയും ചെയ്യും.
സ്മിത കോടനാട്ട് (എജുക്കേഷനൽ ആൻഡ് ജെൻഡർ ട്രെയ്നർ, ഗാർഗി കൗൺസലിങ് ആൻഡ് ലേണിങ് സ്കൂൾ)
ഉള്ളുതുറന്ന് സംസാരിക്കാൻ സാധ്യമാക്കുന്ന വ്യക്തിബന്ധങ്ങൾ വളർത്തേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനോധൈര്യം ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടുവെന്നാണ് വർധിച്ചു വരുന്ന ആത്മഹത്യ നിരക്ക് സൂചിപ്പിക്കുന്നത്. വ്യക്തിബന്ധങ്ങളിലുള്ള തകർച്ച, എങ്ങനെ പ്രതിസന്ധികളെ നേരിടാമെന്ന ധാരണ ഇല്ലായ്മ തുടങ്ങി ഒരു നിര തന്നെ കാരണങ്ങളായി കണ്ടെത്താൻ കഴിയും. നമുക്ക് നോ പറയാനും നോ എന്ന് കേൾക്കാനും ഉൾക്കൊള്ളാനും കഴിയാതിരിക്കുന്നതും ആത്മഹത്യക്ക് കാരണമാകാറുണ്ട്. സ്വന്തം കഴിവും കഴിവുകേടും തിരിച്ചറിയുന്നതോടൊപ്പം ലൈഫ് സ്കിൽ ട്രെയിനിങ്ങുകൾ കൂടി പരിശീലിപ്പിച്ചെടുക്കുന്നത് ഒരു പരിധി വരെ ആത്മഹത്യ പ്രവണതയെ മറികടക്കാൻ സാധിക്കും.
ഉമർ അറക്കൽ (പ്രതിഭ കോളജ് പ്രിൻസിപ്പൽ, പുന്നയൂർക്കുളം)
വിഷാദ രോഗങ്ങളും മാനസിക പ്രശ്നങ്ങളുമാണ് ഒരു പരിധി വരെ ആത്മഹത്യയിലെത്തി അവസാനിക്കുന്നത്. ഇത് ഗൗരവത്തിലെടുക്കാതെ ആത്മഹത്യക്കു ശേഷം കാരണം മെനയുന്നതാണ് നാം കണ്ടു വരുന്നത്. അമ്മയും അച്ഛനും മക്കളും വേറിട്ട തുരുത്തുകളായി മാറുകയാണ് ചെയ്യുന്നത്. ഇവർക്കിടയിലുള്ള ആശയവിനിമയത്തിന്റെ അഭാവം, ലാളനയുടെ കുറവ് എന്നിവയൊക്കെ വിഷാദ രോഗങ്ങൾക്കും തുടർന്നുള്ള ആത്മഹത്യ പ്രവണതകളിലും എത്തിച്ചേരുന്നു. അമിത ലാളനയിൽ വളർന്നു വരുന്ന കുട്ടികൾ നിസ്സാര സംഗതികൾ നിഷേധിക്കുമ്പോൾ പലപ്പോഴും ആത്മഹത്യയിൽ അവസാനിക്കുന്നു. കൗമാരകാലത്തെ പ്രണയം, സംശയ രോഗം തുടങ്ങിയവയും മൂലകാരണങ്ങളാണ്. ആശയവിനിമയവും ബോധവത്കരണം, സ്നേഹത്തിന്റെ തലോടൽ, തന്നെ താങ്ങിനിർത്താൻ ആരെങ്കിലും ഉണ്ടെന്ന ഉറപ്പ് തുടങ്ങിയവയിലൂടെ നമുക്കിത് തടയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.