ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് സീസണിലെ ആദ്യ കടലാമ മുട്ടയിടാനെത്തി. ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ട ആദ്യ വിരുന്നുകാരിയിട്ട 91 മുട്ടകൾ സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ ശേഖരിച്ചു. വ്യാഴാഴ്ച രാത്രി പുത്തൻ കടപ്പുറം ചീനിച്ചുവട് ഭാഗത്താണ് കടലാമ മുട്ടയിട്ടത്. കടലാമ സംരക്ഷണ പ്രവർത്തകർ കടപ്പുറത്ത് റോന്ത് ചുറ്റുന്നതിനു മുമ്പേ മടങ്ങിയതിനാൽ ആമയെ കാണാൻ കഴിഞ്ഞില്ല. സമിതി പ്രവർത്തകർ പ്രത്യേകമായി സംരക്ഷണം നൽകുന്ന ഹാച്ചറിയിലേക്ക് മുട്ടകൾ മാറ്റി. സൂര്യതാപത്തിനനുസരിച്ച് 45 മുതൽ 55 വരെയുള്ള ദിവസങ്ങളാണ് മുട്ടകൾ വിരിഞ്ഞ് പുറത്തേക്ക് വരാനെടുക്കുന്ന സമയം.
കഴിഞ്ഞ സീസണിൽ തിരുവത്ര പുത്തൻ കട പുറത്ത് മാത്രമായി 59 കടലാമകളാണ് മുട്ടയിടാനെത്തിയത്. സമീപ വർഷങ്ങളിൽ ആദ്യമായാണ് ഇത്രയും കുറവായി ആമകൾ വിരുന്നെത്തിയത്. മുൻ വർഷങ്ങളിൽ 150 ആമകൾ വരെ തിരുവത്ര കടപ്പുറത്തെത്തിയിട്ടുണ്ട്.
സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. സെയ്തുമുഹമ്മദ്, സമിതി അംഗങ്ങളായ പി.എ. നസീർ, കെ.എസ്. ഷംനാദ്, പി.എൻ. ഫായിസ്, പി.എ. നജീബ് എന്നിവർ ചേർന്നാണ് മുട്ടകൾ താൽക്കാലിക ഹാച്ചറിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.