ചാവക്കാട്: റോഡരികിലെ കാന മൂടാത്തത് കാൽ നടയാത്രികർക്കും വാഹന യാത്രികർക്കും ദുരിതമാകുന്നു. ചാവക്കാട് കുന്നംകുളം പി.ഡബ്ല്യു.ഡി റോഡിൽ ആശുപത്രി റോഡ് മുതൽ കോടതി വരെയുള്ള ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. നിരന്തരം അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല. ഓവുങ്ങൽ പള്ളിക്കു മുന്നിൽ ബസിറങ്ങുന്ന യാത്രക്കാർക്കാണ് ഏറെ ദുരിതം.
റോഡരിക് ചരിച്ച് നിർമിക്കാത്തത് കാരണം ബസിൽ നിന്നിറങ്ങുന്നവർ പതിവായി വീഴുകയാണ്. പൊതുവെ വീതി കുറഞ്ഞ റോഡായതിനാൽ വാഹനത്തിരക്ക് പതിവായ ഈ റോഡിൽ റോഡിൽ നിന്നിറങ്ങി നടക്കുന്ന കാൽ നടയാത്രികർക്കും ഏറെ ദുരിതമാണ്.
കാന സ്ലാബിട്ട് മൂടാത്തത് കാരണം സ്വകാര്യ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം കാന മൂടിയിട്ടാണ് വാഹനങ്ങൾ സ്ഥാപനങ്ങളിലേക്ക് കയറ്റുന്നത്. ഇതു കാരണം കാനയിലെ ജലമൊഴുക്കും നിശ്ചലമാണ്.
മേഖലയിൽ പതിയിരിക്കുന്ന അപകടമുൾപ്പെടെയുള്ള വിഷയം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ റസാഖ് ആലുംപടി രണ്ട് പ്രാവശ്യം ചാവക്കാട് പി.ഡബ്ല്യൂ.ഡി ഓഫിസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പറയുന്നു. റോഡിലെ കാന മൂടി പതിയിരിക്കുന്ന അപകടമൊഴിവാക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും എൻ.കെ. അക്ബർ എം.എൽ.എക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും റസാഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.