പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം ഭാരതപ്പുഴക്ക് കുറുകെയുള്ള റെയിൽവേ പാലങ്ങൾ. ഇവിടെയാണ് മൂന്നാമത്തെ
പാലത്തിനുള്ള സ്ഥലനിർണയം പൂർത്തിയായത്
ചെറുതുരുത്തി: ഭാരതപ്പുഴക്ക് കുറുകെ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ റെയിൽവെ പാലം യാഥാർഥ്യമാകുന്നു. ജില്ലയിലെ പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം ഭാരതപ്പുഴക്ക് കുറുകെയാണ് പാലക്കാട് ജില്ലയിലേക്കുള്ള മൂന്നാമത്തെ റെയിൽ പാലത്തിനായി സ്ഥലനിർണയം പൂർത്തിയായത്. നിലവിലെ റെയിൽവെ പാലങ്ങളുടെ കിഴക്കുഭാഗത്തായാണ് പാലത്തിനായി സ്ഥലം രേഖപ്പെടുത്തിയത്. സമീപത്തെവീട് പൊളിക്കേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
പാലക്കാട് ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള തീവണ്ടികളുടെ ഗതാഗതത്തിന് ഒരുപാലം കൂടി അനിവാര്യമാണെന്നായിരുന്നു റെയിൽവെയുടെ കണ്ടെത്തൽ. ഭാരതപ്പുഴക്ക് കുറുകെ നിലവിൽ രണ്ട് പാലങ്ങളുണ്ടെങ്കിലും ഒരുപാലത്തിലൂടെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്കും സമീപത്തെ പാലത്തിലൂടെ പാലക്കാട് ഭാഗത്തേക്കുമുള്ള തീവണ്ടികളാണ് പോകുന്നത്.
ഇതിലൂടെ തന്നെയാണ് കോഴിക്കോട് ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള വണ്ടികളും വരിക. അതുകൊണ്ടുതന്നെ കോഴിക്കോട് ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള വണ്ടികൾ പോകുന്നതിനായി പാളങ്ങളിലെ ഗതാഗതം ക്രമീകരിക്കേണ്ട അവസ്ഥയാണിപ്പോൾ. പുതിയ പാലവും പാളങ്ങളും വരുന്നതോടെ മാത്രമേ ഗതാഗത പ്രശ്നത്തിന് പരിഹാരമാകൂ എന്നാണ് റെയിൽവെ പറയുന്നത്.
പുതുതായി വന്ദേഭാരത് വണ്ടികൾകൂടി എത്തിയതോടെ ഗതാഗതം വീണ്ടും വർധിച്ചു. വന്ദേഭാരത് വരുന്ന സമയങ്ങളിലെത്തുന്ന മറ്റ് വണ്ടികളെല്ലാം ക്രോസിങ്ങ് സ്റ്റേഷനുകളിൽ പിടിച്ചിട്ടാണിപ്പോൾ വന്ദേഭാരതിന്റെ സമയത്തിൽ കൃത്യത പാലിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം മൂന്നാം പാലവും പാളങ്ങളും വരുന്നതോടെ പരിഹാരമാകുമെന്ന് റെയിൽവെ അധികൃതർ പറയുന്നു. ഭാരതരപുഴയിലെ ഒഴുക്ക് കുറയുന്നതോടെ നിർമാണം ആരംഭിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.