തൃശൂർ: ടി.എൻ. പ്രതാപൻ എം.പി വെറും വാഗ്ദാനം നൽകുക മാത്രമായിരുന്നെന്നും സുരേഷ് ഗോപി അനുവദിച്ച ഒരു കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നുവെന്നുമുള്ള കോർപറേഷൻ കൗൺസിലിൽ മേയറുടെ മറുപടിയിൽ ഉത്തരമില്ലാതെ കോൺഗ്രസ്. മേയറുടെ മറുപടിയെ ബി.ജെ.പി കേന്ദ്രങ്ങൾ വൻതോതിൽ പ്രചരിപ്പിക്കുമ്പോൾ, രണ്ടു ദിവസമായിട്ടും രാഷ്ട്രീയ പ്രതികരണത്തിനു പോലും കോൺഗ്രസ് തയാറായിട്ടില്ല.
മറ്റു വിഷയങ്ങളിൽ ദിവസവും പ്രസ്താവനയിറക്കുന്ന ഡി.സി.സി പ്രസിഡന്റ് ഇക്കാര്യത്തിൽ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. മേയറുടെ മറുപടി മാധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ വരുകയും ബി.ജെ.പി കേന്ദ്രങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ പ്രചാരം നൽകുകയും ചെയ്തതോടെ കൗൺസിലിൽ മിണ്ടാതിരുന്ന പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ, മേയറുടെ നടപടി നന്ദികേടും വിവരക്കേടും ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടിന്റെ തെളിവുമാണെന്ന് പ്രസ്താവനയിറക്കി.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ എം.പി ഫണ്ടിൽനിന്ന് അഞ്ചു വർഷത്തിൽ ലഭിച്ച 17 കോടിയിൽ 4.14 കോടിയുടെ പദ്ധതികളും കോർപറേഷനിലാണ് നടക്കുന്നതെന്നും കൂടാതെ 1.55 കോടിയുടെ പദ്ധതികളുടെ പ്രപ്പോസലുകളും സമർപ്പിച്ചിട്ടുണ്ടെന്നുമാണ് രാജൻ പല്ലൻ പറയുന്നത്.
എന്നാൽ, പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട കോർപറേഷന്റെ പദ്ധതികളോട് സഹകരിച്ചോ എന്ന ചോദ്യമാണ് ബി.ജെ.പിയും സി.പി.എമ്മും ഉയർത്തുന്നത്. യുനെസ്കോയുടെ പൈതൃക പഠനനഗരിയായി തൃശൂരിനെ പരിഗണിച്ചപ്പോൾ നഗര സൗന്ദര്യവത്കരണം കോർപറേഷൻ പദ്ധതിയായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ‘ഐ ലവ് തൃശൂർ’ പദ്ധതിക്കായി ഒരു കോടി അനുവദിക്കാമെന്ന് പ്രതാപൻ വാഗ്ദാനം നൽകിയിരുന്നു.
ഇതാണ് വാഗ്ദാനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പണം നൽകിയില്ലെന്നും മേയർ വിമർശിച്ചത്. സുരേഷ് ഗോപി 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശക്തൻ നഗർ മാർക്കറ്റ് നവീകരണത്തിനായി ഒരു കോടി അനുവദിക്കുമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തുക നൽകുകയും പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇതായിരുന്നു ബി.ജെ.പി കൗൺസിലറുടെ ചോദ്യത്തിന് മേയർ ഉത്തരം നൽകിയത്.
ബിനി ടൂറിസ്റ്റ് ഹോം കരാർ വിഷയത്തിൽ പ്രതിഷേധിക്കാൻ പ്ലക്കാർഡുകളുമായി വന്ന കോൺഗ്രസ് കൗൺസിലർമാർ കോർപറേഷന് അനുകൂല ഹൈകോടതി വിധിയുണ്ടെന്ന് അറിഞ്ഞതോടെ പ്ലക്കാർഡുകൾ ഒതുക്കി കൗൺസിലിൽ പങ്കെടുക്കുകയായിരുന്നു. മേയറുടെ മറുപടി കേട്ടിട്ട് രാഷ്ട്രീയമായ വിയോജിപ്പിനു പോലും കോൺഗ്രസ് അംഗങ്ങൾ കൗൺസിലിൽ തയാറായില്ലെന്നതിൽ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
തെരഞ്ഞെടുപ്പിൽ പ്രതാപനും സുരേഷ് ഗോപിയുംതന്നെ മത്സരിക്കാനുണ്ടാവുമെന്ന് ഉറപ്പായിരിക്കെ മേയറുടെ മറുപടി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കോൺഗ്രസ് നേതാക്കൾതന്നെ ചൂണ്ടിക്കാണിക്കുന്നു. രണ്ടു ദിവസം പിന്നിട്ടിട്ടും കണക്കുകൾ നിരത്തി പ്രതിരോധിക്കാനോ രാഷ്ട്രീയ മറുപടിക്കോ എം.പിയും ഡി.സി.സി നേതൃത്വവും തയാറാവാത്തതിൽ പ്രവർത്തകർക്കിടയിലും അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.