തൃശൂര്‍: ടെൻഡര്‍ ഇല്ലാതെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനുള്ള തീരുമാനത്തിൽ നിന്നു കോർപ്പറേഷൻ പിൻമാറി. സി.പി.എം നേതൃത്വവും മേയറുമായി ചേർന്ന് രഹസ്യമായി ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ നൽകാൻ തീരുമാനിച്ചുവെന്നും ഇതിൽ വലിയ കമീഷൻ ഇടപാട് നടന്നുവെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ഇതേതുടർന്ന് ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ടെൻഡർ നടപടികൾക്ക് തീരുമാനിക്കുകയായിരുന്നു.
ഒരു കോടിയുടെ മുകളിലുള്ള പ്രവര്‍ത്തികള്‍ ടെൻഡര്‍ ഇല്ലാതെ കൊടുക്കാന്‍ പാടില്ലെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്ക്കുമ്പോള് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്കാന് ശ്രമിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജന് ജെ. പല്ലന് പറഞ്ഞു. അമൃതം പദ്ധതി പ്രകാരം 6.62 കോടിയുടെ 100 കെ.എല്‍.ഡി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണവും 360 കെ.എല്‍.ഡി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണവുമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് ടെൻഡറില്ലാതെ നേരിട്ട് കൊടുക്കാൻ തീരുമാനിച്ചിരുന്നത്.
കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും ടെൻഡര്‍ ഇല്ലാതെ കോര്‍പറേഷനില്‍ നടത്തിയ കോടിക്കണക്കിനു രൂപയുടെ പ്രവൃത്തികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പക്ഷേ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നിര്‍മാണം സമയബന്ധിതമായി ആരംഭിച്ച് പൂര്‍ത്തീകരിക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഉള്‍പ്പെടെയുള്ള അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നു ലിമിറ്റഡ് ടെൻഡര്‍ വിളിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ടെന്‍ഡര്‍ നടപടിയൊഴിവാക്കി ഊരാളുങ്കലിന് നല്‍കാനുള്ള അജണ്ട കൗണ്‍സിലില്‍ എങ്ങനെ വന്നുവെന്ന് മേയര്‍ വ്യക്തമാക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയേല്‍ ആവശ്യപ്പെട്ടു. ലിമിറ്റഡ് ടെന്‍ഡറില്‍ പെടുത്തി ഊരാളുങ്കലിന് തന്നെ നല്‍കാനുള്ള നീക്കമാണ് വീണ്ടും നടക്കുന്നതെന്നും ജോണ്‍ ഡാനിയേല്‍ ആരോപിച്ചു. ഉപ നേതാവ് ഇ.വി. സുനില്‍ രാജ്, ജയപ്രകാശ് പൂവത്തിങ്കല്‍, കെ. രാമനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.