തൃശൂർ: സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ‘ഡി-ഹണ്ട്’ ലഹരിവിരുദ്ധ ഓപറേഷന്റെ ഭാഗമായി ജില്ലയിൽ പിടികൂടിയ ലഹരിമരുന്ന് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. ഡി-ഹണ്ടിന്റെ ഭാഗമായി ഫെബ്രുവരി 22 മുതൽ മാർച്ച് 18 വരെ സിറ്റി പൊലീസ് നടത്തിയ ലഹരി വേട്ടയിൽ 369 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 22 വരെയുള്ള കാലയളവിൽ 151 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്താണ് ഓപറേഷൻ ഡി-ഹണ്ട് ആരംഭിച്ചശേഷം 369 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡി-ഹണ്ട് ആരംഭിക്കുന്നതിന് മുമ്പുള്ള ഒരു മാസത്തെ കണക്കുകൾ താരതമ്യപ്പെടുത്തുമ്പോൾ ലഹരി കേസുകളിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡി-ഹണ്ട് ഓപറേഷനിലൂടെ ലഹരി ശൃംഖലയെ വലയിലാക്കുന്നതിൽ കാര്യക്ഷമമായ പ്രവർത്തനമാണ് സിറ്റി പൊലീസ് നടത്തുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ 1388 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ വർഷം മൂന്ന് മാസമാകുമ്പോൾ തന്നെ 520 ലേക്ക് എത്തിയത് ആശങ്ക ഉയർത്തുന്നുമുണ്ട്.
ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകാൻ ഒരുങ്ങുകയാണ് വിവിധ സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ച് കലക്ടർ അധ്യക്ഷനായ നാർകോ കോഓഡിനേഷൻ കമ്മിറ്റി. മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡുകളിൽ ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിൽപ്പെടുന്ന ഗുളികകൾ കുറിപ്പടി ഇല്ലാതെ വിൽക്കുന്ന എട്ടോളം മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. അനധികൃതമായി സ്റ്റിറോയ്ഡ് വിൽക്കുന്നു എന്ന പരാതിയിൽ ജിമ്മുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം ആശങ്കാജനകമായ നിലയിൽ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഡി-ഹണ്ടിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യപ്പെട്ട 369 ലഹരി കേസുകളിൽ 349 എണ്ണത്തിലും പ്രതികൾ യുവാക്കളാണ്. മൊത്തം കേസുകളുടെ 95 ശതമാനത്തിലധികമാണ് ഇത്. 349 കേസുകളിലായി 391 പ്രതികളെയാണ് നിയമനടപടികൾക്ക് വിധേയരാക്കിയിട്ടുള്ളത്. ജില്ലയിൽ ലഹരിമാഫിയ കൂടുതൽ ലക്ഷ്യമിടുന്നത് യുവജനങ്ങളെയാണെന്ന് കണക്കുകൾ സ്ഥിരീകരിക്കുന്നു.
ലഹരി ഉപയോഗം തടയുന്നതിനായി ‘റീച്ച്’ എന്ന പേരിൽ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ കൗൺസിലിങ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ആദ്യമായി ലഹരി ഉപയോഗിച്ച് പിടിയിലാകുന്ന 21 വയസ്സിന് താഴെയുള്ളവരെ കണ്ടെത്തി കൗൺസിലിങ് നൽകുന്ന പദ്ധതിയാണിത്. കഴിഞ്ഞ എട്ട് മാസമായി സമാനമായ കേസുകളിൽ ജില്ലയിൽ നിന്നുള്ള 150 പേർക്ക് കൗൺസിലിങ് നൽകി വരുന്നു. സിറ്റി പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തുന്നതാണ് റീച്ച് പദ്ധതി. ഇത് യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സ്കൂളുകളിൽ വളരെ കുറവ് ഹാജർ ഉള്ള വിദ്യാർഥികൾ, മോശം പെരുമാറ്റം മൂലം ഡ്രോപ് ഔട്ട് ആകുന്നവർ, സ്ഥിരമായി ക്ലാസ് കട്ട് ചെയ്തു കറങ്ങുന്നവർ എന്നിങ്ങനെയുള്ളവരുടെ കണക്ക് ശേഖരിച്ച് അവർക്ക് ആവശ്യമായ കൗൺസിലിങ്ങുകൾ നൽകി അവരെ ലഹരി മാഫിയയുടെ വലയിൽപ്പെടാതെ തുടർപഠനത്തിന് അർഹരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭാസ വകുപ്പുമായി സഹകരിച്ച് സിറ്റി പൊലീസ് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ലഹരിക്കെതിരെയുള്ള ശക്തമായ പ്രവർത്തനത്തിന് കമീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലുളള തൃശൂർ ജില്ല എൻകോഡ് കമ്മിറ്റി മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിന് അർഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.