തൃശൂർ: മൺസൂണിൽ മഴയില്ലാദിനങ്ങൾ വർധിച്ചതോടെ ജലക്ഷാമത്തിലേക്ക് സൂചനയായി ജില്ലയിലെ പുഴകളും ഡാമുകളും. നിലവിലെ സ്ഥിതി തൃപ്തികരമാണെങ്കിലും ഈ മാസം മഴ പെയ്തില്ലെങ്കിൽ വരൾച്ചയുടെ പിടിയിലേക്ക് പോകുമെന്ന സൂചനയാണ്. ഭാരതപ്പുഴയിലും ചാലക്കുടി പുഴയിലും ജലനിരപ്പ് താഴുകയാണ്. ദശാംശം 30-40 മീറ്ററിന് ഇടയിലാണ് ഇവിടെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേ സമയത്ത് ജാഗ്രത പുറപ്പെടുവിക്കുന്ന വിധമായിരുന്നു ഇവിടങ്ങളിലെ ജലനിരപ്പ്. ഒരാഴ്ചത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
ഡാമുകളിലും ആകെയുള്ള ജലനിരപ്പിന്റെ പകുതിയോടടുത്തേ സംഭരിക്കപ്പെട്ടിട്ടുള്ളൂ. നീരൊഴുക്കും കുറഞ്ഞു. മഴ കുറയുന്ന സാഹചര്യത്തിലേക്കാണ് പോകുന്നതെന്നും ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മഴ ഇനിയും പെയ്തില്ലെങ്കിൽ ജില്ലയിലെ ഒന്നാം വിള കൃഷിയെ പ്രതികൂലമായി ബാധിക്കും.
ചാറ്റൽ മഴ മാത്രമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. നെൽകൃഷിയിറക്കുന്ന പാടങ്ങൾ വറ്റിത്തുടങ്ങി. മുണ്ടകർ ഇറക്കേണ്ട സമയത്തോടടുക്കുകയാണ്. ഇതിനായി ഞാറ്റടിയും മറ്റും തയാറാക്കേണ്ട പണിയിലാണ് കർഷകർ.
ഈ മാസം സമൃദ്ധമായി മഴ ലഭിച്ചില്ലെങ്കിൽ കൃഷിക്ക് വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാവുകയും അത് ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യും. കിട്ടുന്ന മഴ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന നിർദേശം കാലാവസ്ഥ ഗവേഷകർ മുന്നോട്ടുവെക്കുന്നു. ഭൂഗർഭജലത്തിന്റെ അളവ് വേനലിന്റെ തുടക്കത്തിലേ കുറയുന്ന സ്ഥിതിയാണ്. മഴ കുറയുന്നത് ഇതിൽ വീണ്ടും ഇടിവുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.