തൃശൂർ: ഡി.സി.സി ഭാരവാഹികളും കെ.പി.സി.സി സെക്രട്ടറിമാരും പങ്കെടുത്ത ജില്ല കോൺഗ്രസ് നേതൃയോഗത്തിൽ പൊട്ടിത്തെറി. ജാതീയ അധിക്ഷേപം ഉണ്ടായതായും ആക്ഷേപമുയർന്നു. ഡി.സി.സി പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കും വിമർശനമുയർന്നു. പുനഃസംഘടനയിൽ സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്ന് നിർദേശം വെച്ച കെ.പി.സി.സി സെക്രട്ടറിയെ പേരെടുത്തുപറഞ്ഞ് വിമർശിച്ചത്രെ.
ഒരു സമുദായത്തിനു വേണ്ടി വാദിക്കുന്നുവെന്ന കടുത്ത പരാമർശവും ഉണ്ടായത്രെ. ജോസ് വള്ളൂർ ഡി.സി.സി പ്രസിഡന്റായ ശേഷം നടത്തിയ മണ്ഡലം പ്രസിഡന്റുമാരുടെ നിയമനങ്ങൾ കൂടിയാലോചനകൾ ഇല്ലാതെയാണെന്ന പരാതിയെ തുടർന്ന് കെ.പി.സി.സി റദ്ദാക്കിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് യോഗത്തിൽ കെ.പി.സി.സി സെക്രട്ടറിമാരും ഡി.സി.സി ഭാരവാഹികളും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് എല്ലാ കാലത്തും പാർട്ടി പദവികളിലും പാർലമെന്ററി രംഗത്തേക്കും പരിഗണിക്കുന്നതിൽ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാറുണ്ടെന്നും ഇപ്പോൾ പുനഃസംഘടന നടത്തിയതിൽ അത് പാലിക്കപ്പെട്ടില്ലെന്നും പുതിയ നിയമനങ്ങളിൽ ഇത് വേണമെന്നും പ്രത്യേക സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നുമാണ് നേതാക്കൾ യോഗത്തിൽ അറിയിച്ചത്. ഇതിനുള്ള മറുപടിയാണ് അധിക്ഷേപത്തിൽ കലാശിച്ചതത്രെ.
ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തല പക്ഷത്തുനിന്ന് കെ. സുധാകരൻ പക്ഷത്തേക്ക് മാറിയാണ് ജോസ് വള്ളൂരിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. ഗ്രൂപ്പുകൾ ശിഥിലമായ ജില്ലയിൽ മറ്റ് എതിർപ്പുകളൊന്നും ജോസിനെതിരെ ഉയർന്നിരുന്നില്ലെങ്കിലും മുതിർന്ന നേതാക്കൾ പുതിയ ഡി.സി.സി പ്രസിഡന്റായി നിയോഗിക്കുന്നയാൾക്ക് പക്വതയില്ലായ്മയുണ്ടെന്നും കെ.എസ്.യു രാഷ്ട്രീയമാണെന്നും വിമർശനമുയർത്തിയിരുന്നു.
മുതിർന്ന നേതാക്കൾ അന്ന് ഉയർത്തിയ ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പ്രവർത്തന ശൈലിയിൽ നിന്ന് ബോധ്യപ്പെടുന്നതെന്ന് യോഗത്തിൽതന്നെ നേതാക്കൾ തുറന്നടിച്ചു. ചുമതലയേറ്റ് ആറ് മാസമായിട്ടും ജില്ലയിൽ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും സി.യു.സി കമ്മിറ്റികളുടെ രൂപവത്കരണവും 137 രൂപ ചലഞ്ചിനും പ്രവർത്തന ഏകോപനമില്ലെന്നും കെ-റെയിൽ അടക്കമുള്ള വിഷയങ്ങളിൽ കാര്യമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയാതിരുന്നതും ചർച്ചയായി.
കഴിഞ്ഞദിവസം കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിക്കെതിരെ ഗുരുവായൂർ പൊലീസ് 107 വകുപ്പ് ചുമത്തിയതിനെതിരെ സംസ്ഥാന നേതാക്കൾ വരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചിട്ടും വാർത്തക്കുറിപ്പ് ഇറക്കാൻ പോലും വൈകിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കടുത്ത പ്രതിഷേധവും വിമർശനവുമുയർന്നതോടെ യോഗം തിരക്കിട്ട് അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.