തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച അതുണ്ടാകുമെന്ന് സി.പി.എം വൃത്തങ്ങൾ കരുതിയില്ല. അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി മർദിച്ചുവെന്നും നേതാക്കളുടെ പേരെഴുതാൻ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പരാതിയുമായി അരവിന്ദാക്ഷൻ രംഗത്തുവന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ മുൻകൂർജാമ്യത്തിന് സാധ്യതകളില്ലാത്തതിനാൽ അരവിന്ദാക്ഷനടക്കമുള്ളവരെ ഇ.ഡി ഭീഷണിപ്പെടുത്തിയും മർദിച്ചും പ്രതിചേർക്കാൻ നീക്കം നടക്കുന്നുവെന്ന് കോടതിയെ ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ നിരവധിയാളുകളെ ചോദ്യം ചെയ്തിരുന്നെങ്കിലും തുടർച്ചയായി ചോദ്യം ചെയ്യലിന് വിധേയനായ അരവിന്ദാക്ഷനെയും അനൂപ് ഡേവീസ് കാടയെയും നാലുദിവസമായി വിളിപ്പിച്ചിരുന്നില്ല.
ബാങ്കുകളിലെ പരിശോധനക്കുശേഷമുള്ള ഫയൽ പരിശോധനയും തെളിവ് ശേഖരണത്തിനും ശേഷമായിരിക്കും ഇനിയുള്ള നീക്കങ്ങളെന്ന വിലയിരുത്തലിലായിരുന്നു സി.പി.എം. നേരത്തേ ആദ്യഘട്ട ചോദ്യം ചെയ്യലിനുശേഷം പിന്നീട് നൽകിയ നോട്ടീസിൽ അവധിയിലായിരുന്ന എ.സി. മൊയ്തീന് ഉടൻ നോട്ടീസ് നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നൽകിയിട്ടില്ല.
ഇതിനിടയിലാണ് സംശയത്തിൽ പോലുമില്ലാതിരുന്ന സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലെ പരിശോധനയും പിന്നാലെ കണ്ണനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കലുമുണ്ടായത്. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കണ്ണന്റെ മൊഴിയും ഗൗരവകരമുള്ള സൂചന നൽകുന്നുണ്ട്. നിർണായക വിവരങ്ങളും സാധൂകരിക്കുന്ന തെളിവുകളും മൊഴികളും ഇ.ഡിക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്.
അരവിന്ദാക്ഷനിലേക്ക് ഇ.ഡി കുരുക്ക് മുറുക്കിയത് വ്യക്തമായ തെളിവോടെയായിരുന്നു. കരുവന്നൂരിൽനിന്ന് 2.80 കോടി ബിജു കരീമും പി.പി. കിരണും ചേർന്ന് മൂന്ന് ബാഗുകളിലാക്കി സതീഷ് കുമാറിന് നൽകിയത് കൊണ്ടുപോയത് അരവിന്ദാക്ഷൻ ആയിരുന്നു എന്നാണ് ഇ.ഡി കണ്ടെത്തൽ.
സതീഷ് കുമാറിന്റെ വീട്ടിൽ അരവിന്ദാക്ഷൻ ഉണ്ടായിരുന്നെന്ന് കേസിലെ മുഖ്യസാക്ഷി ജിജോറിന്റെ മൊഴിയുമുണ്ട്. ഈ തുക സതീഷ് കുമാറും അരവിന്ദാക്ഷനും മറ്റൊരു കൗൺസിലറായ മധുവും ചേർന്ന് തൃശൂർ സഹകരണ ബാങ്കിലും അയ്യന്തോൾ സഹകരണ ബാങ്കിലുമായി നിക്ഷേപിച്ചു.
സതീഷ് വിദേശത്തേക്ക് പണം കടത്തിയെന്ന് കണ്ടെത്തിയതിലും അരവിന്ദാക്ഷന് പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇയാൾ വിദേശത്ത് പോയതിന്റെ രേഖകൾ ഇ.ഡിക്ക് ലഭിച്ചു. ഈ രേഖകളുമായാണ് അവസാന ദിവസം അരവിന്ദാക്ഷനെ ചോദ്യം ചെയ്തത്. അത് കഴിഞ്ഞാണ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് കാണിച്ച് ഇയാൾ എറണാകുളം പൊലീസിന് പരാതി നൽകിയത്. പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ സി.പി.എം നേതാക്കൾ അറസ്റ്റിലാവുമെന്ന സൂചന ഇ.ഡി വൃത്തങ്ങൾ നൽകുന്നു. എ.സി. മൊയ്തീനും എം.കെ. കണ്ണനും ഇതിലുണ്ടോയന്ന ആശങ്കയാണ് പാർട്ടി നേതൃത്വത്തിന്. ഇ.ഡിയുടെ തുടർനീക്കങ്ങൾ ആർക്കും വ്യക്തതയില്ലാത്തതാണ് കുഴക്കുന്നത്. ഇ.ഡിയുടെ പ്രത്യേക സംഘം ദിവസങ്ങളായി തൃശൂരിലുണ്ട്.
പലയിടങ്ങളിലായി വിവിധ ആളുകളെയും സ്ഥലങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റ് ജിൽസിനെയും അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. ഇയാൾ നേരത്തെ ക്രൈംബ്രാഞ്ച് എടുത്ത കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.