തൃശൂര്‍: മേടത്തിലെ പൂരം നാളിൽ ആടയലങ്കാരങ്ങളണിഞ്ഞ് വാദ്യ-മേളങ്ങളുടെ അകമ്പടിയിൽ നിറയുന്ന വടക്കുന്നാഥന്റെ മുറ്റത്ത് കർക്കടകപുലരിയിൽ അലങ്കാരങ്ങളും വാദ്യ-മേളങ്ങളുമില്ലാതെ കരിയഴകിന്റെ പൂരസൗന്ദര്യം. പുലർച്ചെ തുടങ്ങിയ ആനകളുടെയും ആളുകളുടെയും വരവ് ആനകളുടെ നിര പൂർത്തിയായപ്പോൾ, ആളുകളുടെ ഇരമ്പൽ... ആൾത്തിരയായി ആവേശത്തിരയായി മാറിയിരുന്നു. കേരളത്തിലെ ആദ്യ ആനയൂട്ടിന് നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ അഴകും ആളുമേറുന്നു. ആനകളെ സ്വീകരിക്കാന്‍ ശ്രീമൂലസ്ഥാനത്തുതന്നെ ആള്‍ക്കൂട്ടമുണ്ടായിരുന്നു. തുളസിമാലയണിഞ്ഞ് കുറി തൊടുവിച്ചാണ് ആനകളെ അകത്തളത്തിലെ ഊട്ടുനിരയിലേക്ക് ആനയിച്ചത്. ഓരോ ആനകളുടെയും പ്രത്യേകതകളും പ്രാധാന്യവും വിളിച്ചുപറഞ്ഞ് സ്വീകരിക്കുകയായിരുന്നു. ഇടക്കൊന്ന് കർക്കടകം മനംകറുപ്പിച്ച് ചാറിയത് ആശങ്കയിലാക്കിയെങ്കിലും നിമിഷങ്ങൾക്കകം പിൻവാങ്ങിയപ്പോൾ ചൂടിന്റെ പുഴുക്കത്തിന് ആശ്വാസമായെന്ന് ആളുകളുടെ പ്രതികരണം.
ഗജരാജാക്കൻമാരായ തെച്ചിക്കോട്ടകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറും പാമ്പാടി രാജനും പുതുപ്പള്ളി കേശവനും കുട്ടന്‍കുളങ്ങര അർജുനനും സുഖചികിത്സക്കാലമാണെങ്കിലും ദേവസ്വത്തിന്റെ പ്രത്യേക അനുമതിയോടെ ഗുരുവായൂര്‍ ദേവസ്വം ആനകളും ആടയാഭരണങ്ങളില്ലാതെയെത്തിയത് ‘കരിവീരചന്തം’ പകർന്നു. അലങ്കാരങ്ങളില്ലാതെ കുളിച്ച് കളഭക്കുറി തൊട്ട് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരത്തിന് മുന്നില്‍ ഗജകേസരികള്‍ നിരന്നതോടെ ആനയൂട്ട് തുടങ്ങി. കര്‍ക്കടക വാവ് അവധി കൂടിയായതോടെ സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി വടക്കുന്നാഥനിലെത്തിയപ്പോൾ പൂരത്തോളം നിറഞ്ഞ പുരുഷാരമായി.
മേല്‍ശാന്തി പയ്യപ്പിള്ളി മാധവന് നമ്പൂതിരി തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. മറ്റ് ആനകളുടെ മുന്നിലും വിഭവങ്ങള്‍ നിരന്നു. ആയുർവേദ കൂട്ടുകളടങ്ങിയ ചോറിനുപുറമെ കരിമ്പ്, ചോളം, പഴം, തണ്ണിമത്തന്, നേന്ത്രപ്പഴം തുടങ്ങി പഴവർഗങ്ങൾ പലതും ആനകള്ക്കുമുന്നിലെത്തി. ആരാധകർ തുമ്പിക്കൈകളില്‍ പഴങ്ങളോരോന്നും നല്കിക്കൊണ്ടിരുന്നു. വലിയ ചോറുരുളകള്‍ ആനവായിലെത്തി. ആനകളെ ഊട്ടാനും ആളുകളുടെ തിരക്കായിരുന്നു. പത്ത് കഴിയുമ്പോഴേക്കും ഊട്ടുകഴിഞ്ഞ് ആനകളുടെ മടക്കം. ആനയൂട്ട് കഴിഞ്ഞെങ്കിലും ക്ഷേത്രത്തിലെ തിരക്ക് കുറഞ്ഞിരുന്നില്ല. തുടര്‍ന്ന് പത്തരയോടെ അന്നദാനമണ്ഡപത്തിൽ പ്രസാദ ഊട്ട് തുടങ്ങി.
7,500 പേരാണ് പ്രസാദ് ഊട്ട് കഴിച്ചതെന്ന് ഉപദേശക സമിതി സെക്രട്ടറി ടി.ആര്. ഹരിഹരന് അറിയിച്ചു. അലങ്കാരങ്ങളില്ലാത്ത ആനപ്പൂരത്തിന് നിറംകൂട്ടാന്‍ ആനകളുടെ മിനിയേച്ചർ രൂപങ്ങളും കലണ്ടറുകളുമായി കലാകാരന്മാരും തേക്കിൻകാട് മൈതാനിയിലുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടങ്ങി. അമ്പതോളം തിരുമേനിമാര് സഹകാര്‍മികരായി. വൈകീട്ട് കൂത്തമ്പലത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഭഗവത് സേവയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.