ചേറ്റുവ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ടും ബഷീർ ബച്ചി കഥയെഴുതുകയാണ്. ഒപ്പം നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും കവിതകളും. 62 വയസ് പിന്നിട്ട ബഷീർ ഇതിനകം നിരവധി ചെറുകഥകളാണ് എഴുതിയത്. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട്ട് കറുപ്പംവീട്ടിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെയും ഐഷാക്കുട്ടിയുടെയും രണ്ടാമത്തെ മകനായ ഇദ്ദേഹത്തിന് ചെറുപ്പം മുതൽ മാപ്പിളപ്പാട്ടിലും കഥ എഴുത്തിലും ഏറെ താൽപര്യമുണ്ടായിരുന്നു.
1985ൽ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരത്തിൽ പങ്കെടുത്താണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ചെറുകഥകളിലേക്ക് തിരിഞ്ഞു. ‘മണൽക്കാട്ടിലെ വിരുന്നുകാരൻ’ എന്ന കഥയെഴുതിയാണ് തുടക്കം. തുടർന്ന് ‘ഇങ്ങനെയും ഒരു പ്രവാസി’, ‘ഒരു സ്വപ്നം പോലെ’, ‘ഉമ്മാന്റെ സ്വന്തം സുബൈർ’, ‘എൻഡൊസെൽഫാൻ’, ‘ഒരു മഞ്ഞ്തുള്ളി പോലെ’, ‘വരും ഇനിയൊരു കാലം’, ‘ദുനിയാവിലെ വിരുന്നുകാരൻ’, ‘ഉച്ചക്ക് എത്തിയ ഒട്ടകം’, ‘എന്റെ ഖൽബായിരുന്നവൾ’, ‘ബൽകീസ് ഹോട്ടൽ, ‘ഒരു നിലാപക്ഷിയായ്’ തുടങ്ങി 12ഓളം ചെറുകഥകൾ എഴുതി. അബൂദബിയിൽനിന്ന് ഖത്തറിലേക്ക് മാറിയപ്പോഴും കഥയെഴുത്ത് തുടർന്ന്. അവിടെയിരുന്ന് രണ്ട് സീരിയൽ കഥകളും എഴുതി.
പിന്നീടാണ് നാടൻപാട്ടിലേക്ക് തിരിഞ്ഞത്. നിരവധി മാപ്പിളപ്പാട്ടുകളും കവിതകളും എഴുതിയിട്ടുണ്ട്. പ്രവാസജീവിതം അവസാനിപ്പിച്ച ശേഷം ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ജോലി ചെയ്യുകയാണ്.
സി.എച്ച്.മുഹമ്മദ് കോയ ലൈബ്രറി അവാർഡ്, കടപ്പുറം മൂന്നാം വാർഡ് പുരസ്കാരം, കെ.എസ്. ദാസൻ സ്മാരക ട്രസ്റ്റ് അവാർഡ്, മണത്തല സ്കൂൾ അവാർഡ്, നാഷ്ണൽ ഹുദ സെൻട്രൽ സ്കൂൾ സ്നേഹ ആദരവ്, സുരേഷ് ഗോപിയുടെ എസ്.ജി. കോഫി അവാർഡ്, കല്ലുകൾ ഭഗവതി ക്ഷേത്രസമിതിയുടെ ആദരവ് എന്നിവ ലഭിച്ചിട്ടുണ്ട്. എഴുത്തിന്റെ ലോകത്ത് തുടരാനാണ് ആഗ്രഹമെന്ന് ബഷീർ പറയുന്നു. ഫാത്തിമയാണ് ഭാര്യ. മക്കൾ: ഫെബിനാസ്, ഫെമിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.