തൃശൂർ: ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ മലവെള്ളപ്പാച്ചിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിൽ അതിജാഗ്രത തുടരുന്നു. ചാർപ്പയിലും എച്ചിപ്പാറയിലും അടക്കം മലവെള്ളപ്പാച്ചിൽ തുടരുന്ന ജില്ലയിലെ മലയോര മേഖലകളിൽ ആശങ്ക തുടരുകയാണ്. അതുകൊണ്ട് തന്നെ മലയോര, പുഴയോര വാസികളെ ജില്ല അധികൃതർ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴയാണ് രണ്ട് ദിവസമായി ഇവിടെ ലഭിക്കുന്നത്. വാഴച്ചാൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചാർപ്പ തോട് ആരംഭിക്കുന്ന പഞ്ഞനംകുത്ത് മലയിൽ ഉരുൾപൊട്ടിയതായ ആശങ്ക വനംവകുപ്പ് അധികൃതർ നിഷേധിച്ചിരുന്നു. അതിനിടെ ഇടിമിന്നലിൽ രണ്ടുപേർക്ക് കഴിഞ്ഞ ദിവസം അപകടം പറ്റിയിരുന്നു. വീടിനും ഉപകരണങ്ങൾക്കും അടക്കം നാശനഷ്ടം ഉണ്ടായതിനാൽ ജനം ഭീതിയിലാണ്.
തുലാമഴ ഇങ്ങെത്തിയതിനാൽ ഉച്ചക്ക് 2.30 മുതൽ രാത്രി 11.30 വരെ ഇടിമിന്നൽ ഭീഷണിയുമുണ്ട്. ചിമ്മിനി ഡാം പ്രദേശത്തും മഴ അതിശക്തമാണ്. ഡാമിെൻറ ഷട്ടറുകൾ ഇനിയും ഉയർത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 22.5 സെൻറി മീറ്റർ ഉയർത്തിയിട്ടുണ്ട്. കൂടുതൽ ഉയർത്തുന്നതോടെ കുറുമാലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ഉയരും. ഇപ്പോൾ തന്നെ പല ഭാഗങ്ങളും കരകവിഞ്ഞൊഴുകുന്നുണ്ട്. അതേസമയം വാഴാനി ഡാം പരിസരത്ത് മഴ കുറഞ്ഞതിനാൽ ഷട്ടറുകൾ ഒരിഞ്ച് വീണ്ടും താഴ്ത്തി. അതേസമയം ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ സ്ഥിതി ശാന്തമാണ്. ഭൂരിഭാഗം സ്ഥലത്തും വെള്ളം ഇറങ്ങിത്തുടങ്ങി. കൃഷിയിടങ്ങളിലെ വെള്ളക്കെട്ടും നീങ്ങിയിട്ടുണ്ട്. എന്നാൽ, അഞ്ച് ദിവസം കൂടി മഴ ശക്തമായി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ ബുധനാഴ്ച രാവിലത്തെ കണക്ക് പ്രകാരം 305 പുരുഷന്മാരും 372 സ്ത്രീകളും 172 കുട്ടികളും അടക്കം 260 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. മലയോര മേഖലകളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ നിലവിൽ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് കലക്ടർ ഹരിത വി. കുമാർ ആവശ്യപ്പെട്ടു.
കലക്ടറുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ ആളുകൾ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് താമസം മാറാൻ തയാറാകണം. അപകടഭീഷണി നിലനിൽക്കുന്ന തലപ്പിള്ളി താലൂക്കിൽ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാൻ അഞ്ച് ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.