ഗൗരിയും ശിവദാസനും
ചെന്ത്രാപ്പിന്നി: വർഷങ്ങളായി തളർന്നുകിടക്കുന്ന ഭർത്താവ്. വൃക്കകൾ തകരാറിലായ ഭാര്യ. സുമനസ്സുകളുടെ സഹായത്താൽ വിധിയോട് പൊരുതി ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ചെന്ത്രാപ്പിന്നിയിലെ വയോധിക ദമ്പതികൾ. ചെന്ത്രാപ്പിന്നി കനറാ ബാങ്കിന് കിഴക്ക് താമസിക്കുന്ന ചൂരപ്പെട്ടി ശിവദാസനും ഭാര്യ ഗൗരിയുമാണ് വിധിക്കു മുന്നിൽ തളരാത്ത മനസ്സോടെ ജീവിതയാത്ര തുടരുന്നത്.
പപ്പട കച്ചവടവും ലോട്ടറി വിൽപനയുമൊക്കെയായി കഴിഞ്ഞിരുന്ന ശിവദാസന്റെ ജീവിതത്തിന് മങ്ങലേൽക്കാൻ തുടങ്ങിയത് ഒരു വാഹനാപകടത്തോടെയായിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും കാഴ്ചശക്തി കുറയാൻ തുടങ്ങി. ശരീരത്തിന് ഇടക്കിടെ ക്ഷീണവും ഏറിയതോടെ പഴയപോലെ കച്ചവടത്തിന് പോകാൻ കഴിയാതായി. ആറു വർഷംമുമ്പ് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. ക്രമേണ കാഴ്ചശക്തി പൂർണമായി നഷ്ടമായി. ജീവിതം ഇരുട്ടുമൂടിയതോടെ ഈ 68കാരന്റെ മാനസിക നിലയും തകരാറിലായി.
ഇതിനിടയിൽ രണ്ടു പെൺമക്കളെ വിവാഹം കഴിച്ചയച്ചു. ദേശീയപാത നിർമാണത്തിനായി ആകെയുണ്ടായിരുന്ന അഞ്ചേമുക്കാൽ സെന്റ് സ്ഥലത്തിൽനിന്ന് മൂന്നേമുക്കാൽ സെന്റ് വിട്ടുകൊടുത്ത് കിട്ടിയ പണംകൊണ്ടാണ് പെൺമക്കളുടെ വിവാഹം നടത്തിയത്. ചികിത്സ ചെലവുകൾക്കും മറ്റുമായി നല്ലൊരു തുക ഇതിനകം ചെലവാക്കിയിരുന്നു.
തുടർചികിത്സയും ജീവിതച്ചെലവുകളും വഴിമുട്ടിയതോടെ ഭാര്യ ഗൗരിക്ക് തൊഴിലുറപ്പ് പണിയിലേക്കിറങ്ങേണ്ടിവന്നു. പക്ഷേ, അവിടെയും വിധി വില്ലനായി. ഗൗരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. നാലുവർഷം മരുന്നുകളുടെ സഹായത്താൽ പിടിച്ചുനിന്നെങ്കിലും വൃക്കകളുടെ പ്രവർത്തനം സങ്കീർണമായതോടെ ജീവൻ നിലനിർത്തണമെങ്കിൽ ഡയാലിസിസ് വേണമെന്ന് ഡോക്ടർമാർ വിധിയെഴുതി. അതോടെ പണിയും നിലച്ചു. സുമനസ്സുകളുടെ സഹായത്താൽ ഇപ്പോൾ ഒരു മാസമായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഡയാലിസിസിന് വിധേയമാവുകയാണ് 63 കാരിയായ ഗൗരി.
വാഹന വാടകയിനത്തിലും മറ്റും നല്ലൊരു തുകയാണ് ചെലവാകുന്നത്. ഇരുവർക്കും സർക്കാറിന്റെ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും ഒരു തവണത്തെ ഡയാലിസിസിന് തന്നെ അത് തികയുന്നില്ല. ഇനി എത്ര നാൾ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടിവരുമെന്ന് ഇരുവർക്കുമറിയില്ല. കരുണ വറ്റാത്ത മനസ്സുകൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ശിവദാസനും ഗൗരിയും. ഗൂഗ്ൾപേ നമ്പർ (മരുമകൻ സുരേഷ്): 9496984306.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.