തൃശൂർ: കാലിൽ അസുഖം ബാധിച്ച് നടക്കാൻ പ്രയാസപ്പെട്ട് അടിയന്തരമായി ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദേശിച്ച ആനയെ വിശ്രമമില്ലാതെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ച് പീഡിപ്പിക്കുന്നുവെന്ന് പരാതി. സുപ്രീംകോടതി നിർദേശിച്ച ഉന്നതാധികാര സമിതിയും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനും ഉത്തരവിട്ട കൊമ്പൻ ഊട്ടോളി പ്രസാദിനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി എഴുന്നള്ളിച്ചതായി പരാതി ഉയർന്നത്.
നേരത്തെ എഴുന്നള്ളിച്ചപ്പോൾ വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികളിലേക്ക് കടക്കാതിരുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പീഡനം നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
കോടതി ഉത്തരവ് ലംഘിച്ചതും അതിന് വനംവകുപ്പ് കൂട്ടുനിൽക്കുന്നതും ചൂണ്ടിക്കാണിച്ച് പരാതി തിങ്കളാഴ്ച ഹൈകോടതിയിലും നൽകുമെന്ന് സെക്രട്ടറി വി.കെ. വെങ്കിടാചലം അറിയിച്ചു. തൃക്കാർത്തിക ആഘോഷത്തോടനുബന്ധിച്ച് ഊരകം ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും വൈകീട്ടും ആനയെ എഴുന്നള്ളിച്ചിരുന്നു.
ശനിയാഴ്ച മുതുവറയിലാണ് ആനയെ എഴുന്നള്ളിച്ചത്. കാലിലെ വൈകല്യത്തെ തുടർന്ന് നടക്കാൻ പ്രയാസപ്പെടുന്ന ആനയുടെ കാലിൽ ചങ്ങല കൂടാതെ മുള്ളു ബെൽറ്റിട്ട് വലിക്കുന്നതായും ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സിന്റെ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.