നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കര വാര്‍ഡില്‍ നിശ്ശബ്ദ കാര്‍ഷിക വിപ്ലവം. ഒരു വര്‍ഷം കൊണ്ട് പച്ചക്കറി ഉല്പാദനത്തില് വാര്‍ഡിനെ സ്വയം പര്യാപ്തമാക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഇവിടെ വീട്ടുമുറ്റ കൃഷി ആരംഭിച്ചിരിക്കുകയാണ്.
വാര്‍ഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് മുത്രത്തിക്കര വികസന സമിതി 'ഹരിത സമൃദ്ധി' എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടുമുറ്റങ്ങളില്‍ തന്നെ ഉൽപാദിപ്പിക്കാനാണ് ഹരിത സമൃദ്ധി ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഭൂരഹിത നാമമാത്ര കര്‍ഷകരടക്കം വാര്‍ഡിലെ മുഴുവന്‍ വീട്ടുമുറ്റങ്ങളിലും പത്തിനം പച്ചക്കറികള്‍ കൃഷി ചെയ്യാനാരംഭിച്ചിട്ടുണ്ട്. ആവശ്യമായ തൈകള്‍ ഉൽപാദിപ്പിച്ച് ഓരോ വീടുകളിലേക്കും എത്തിച്ചു നല്‍കുന്നതും വിളവെടുപ്പ് വരെ കൃഷി പരിപാലനത്തില്‍ കുടുംബങ്ങള്‍ക്കൊപ്പം നില്ക്കുന്നതും സമിതി പ്രവര്‍ത്തകരാണ്. അധികമായി ഉൽപാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങളുടെ വിപണനവും സമിതി ഏറ്റെടുക്കുമെന്ന് പഞ്ചായത്തംഗം എന്‍.എം. പുഷ്പാകരന്‍ പറഞ്ഞു.
വാര്‍ഡിലെ കര്‍ഷകരുടെ കൂട്ടായ്മയില്‍ കാര്‍ഷിക ക്ലബും കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകളും അയല്‍ക്കൂട്ടങ്ങളും രൂപവത്കരിച്ചാണ് പ്രവര്‍ത്തനം. കൃഷിയില്‍ നൈപുണ്യമുള്ളവരും കൃഷിവകുപ്പില്‍നിന്ന് പരിശീലനം നേടിയവരും ഉള്‍പ്പെട്ട സംഘമാണ് കാര്‍ഷികപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വാര്‍ഡിലെ എട്ട് അയല്‍ക്കൂട്ടങ്ങളിലെ പ്രവര്‍ത്തകര്‍ വീടുകളിലെത്തി കൃഷി പരിപാലനത്തില്‍ സഹായിക്കുന്നുണ്ടെന്ന് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.എന്‍. ഹരി പറഞ്ഞു.
ആദ്യഘട്ടത്തില്‍ 5000 പച്ചക്കറി തൈകള്‍ ഉൽപാദിപ്പിച്ചാണ് വീടുകളിലേക്ക് സൗജന്യമായി നല്‍കിയത്. മുളക്, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍, കുമ്പളം, മത്തന്‍ തുടങ്ങിയ തൈകളാണ് വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നത്. എല്ലാ വീടുകളിലും ആവശ്യമായ വേപ്പ്, മുരിങ്ങ, ഇരിമ്പന്‍പുളി തുടങ്ങിയവയുടെ തൈകളും വെച്ച് പിടിപ്പിക്കുന്നുണ്ട്. വീട്ടുമുറ്റങ്ങളുടെ സ്ഥലസൗകര്യമനുസരിച്ച് കൃഷി വിപുലപ്പെടുത്തും. ആവശ്യമായ ഭൂമിയില്ലാത്തവര്‍ക്കായി ഗ്രോബാഗ് കൃഷി, മട്ടുപ്പാവ് കൃഷി എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് വാര്‍ഡുതല കര്‍ഷക കൂട്ടായ്മ ചെയര്മാന് കെ.കെ. ശ്രീധരന് പറഞ്ഞു. വാര്‍ഡില്‍ തരിശായി കിടക്കുന്ന മുഴുവന്‍ ഭൂമിയിലും കൃഷിയിറക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ജൈവ സമ്പ്രദായത്തിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിനായി മണ്ണിര കമ്പോസ്റ്റ് ഉൾപ്പെടെ ജൈവവളം ഉൽപാദിപ്പിക്കാനുള്ള യൂനിറ്റും വാര്‍ഡില്‍ ആരംഭിക്കും.
വീട്ടുമുറ്റ കൃഷിക്ക് പുറമെ വാര്‍ഡ് ഗ്രാമസഭയുടെ അംഗീകാരത്തോടെ 15 പദ്ധതികളാണ് വാര്‍ഡിന്റെ സമഗ്ര വികസനത്തിനായി സമിതി ആവിഷ്കരിച്ചിട്ടുള്ളത്. കിടപ്പുരോഗികള്‍ക്കും വയോജനങ്ങള്‍ക്കും സാന്ത്വനപരിചരണം, വായനശാലകളുടെ പുനരുദ്ധാരണം, ഡിജിറ്റല്‍ സാക്ഷരത, പ്രാദേശിക ചരിത്ര രചന, പട്ടികജാതി കോളനികളുടെ സമഗ്ര വികസനം, വനിത ശാക്തീകരണം തുടങ്ങിയവയാണ് വാര്‍ഡ് വികസന സമിതി ഏറ്റെടുത്തിട്ടുള്ള മറ്റ് പദ്ധതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.