ഗുരുവായൂർ: നഗരവികസനത്തിനുള്ള അമൃത് പദ്ധതിയിൽ ഗുരുവായൂരിൽ പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി മന്ത്രി എം.ബി. രാജേഷ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. കോട്ടപ്പടിയിലെ ജലശുദ്ധീകരണ പ്ലാന്റിന് സമീപമാണ് ചടങ്ങ്. 150.88 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 2050ലെ ജനസംഖ്യ കണക്കിലെടുത്ത് ആളോഹരി 150 ലിറ്റര്‍ വെള്ളവും നഗരത്തിലെത്തുന്ന തീർഥാടകര്‍ക്ക് ആവശ്യമായ വെള്ളവും ഉള്‍പ്പടെ പ്രതിദിനം 150 ലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി.
കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റെഗുലേറ്ററിന് സമീപം ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണര്‍ നിർമിച്ചാണ് വെള്ളം എടുക്കുന്നത്. 40 കിലോമീറ്റര്‍ ദൂരം പൈപ്പിട്ടാണ് ഗുരുവായൂരിലെ കോട്ടപ്പടിയിലെ ശുദ്ധീകരണ പ്ലാന്റിൽ വെള്ളമെത്തിക്കുന്നത്. 15 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ളതാണ് ശുദ്ധീകരണ ശാല. നഗരസഭക്കുള്ളിൽ 120 കിലോമീറ്ററോളം പൈപ്പ് സ്ഥാപിച്ച് വിതരണ ശൃംഖല ഒരുക്കിയിട്ടുണ്ട്. ചൂല്‍പ്പുറം, വാട്ടർ അതോറിറ്റി ഓഫിസ്, ഇടപ്പുള്ളി ജാറം റോഡ് എന്നിവിടങ്ങളിലാണ് കോട്ടപ്പടിയിലെ ശുദ്ധീകരണ പ്ലാന്റിൽനിന്നും വെള്ളമെത്തുക. ഉദ്ഘാടന ചടങ്ങിൽ എന്‍.കെ. അക്ബര്‍ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, എ.എസ്. മനോജ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.