ഗുരുവായൂർ: 10 വർഷം മുമ്പ് ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിട്ടും ഇൻഷുറൻസ് ഉൾെപ്പടെ ഒരു ധനസഹായവും ലഭിക്കാതെ ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് പെൺമക്കളും. ഒമാനിലെ ഇന്ത്യൻ എംബസിയടക്കമുള്ളവരുമായി പലതവണ ബന്ധപ്പെട്ടിട്ടും മറുപടി പോലും കിട്ടാത്ത അവസ്ഥയിലാണിവർ. മറ്റം നമ്പഴിക്കാട് തീെപ്പട്ടി കമ്പനിക്ക് സമീപത്തെ പുലിക്കോട്ടിൽ ഷിജുവാണ് 2011 മേയ് മൂന്നിന് ഒമാനിലെ ബുറായ്മിയിൽ റോഡിൽ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടത്തിൽ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്നു. 2010ൽ 35ാം വയസ്സിലാണ് ഷിജു ഒമാനിലേക്ക് പോയത്. ഭാര്യ ഷിജി രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴായിരുന്നു യാത്ര. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. നഷ്ടപരിഹാരത്തിനായി വക്കീലിനെ ഏർപ്പെടുത്താൻ പവർ ഓഫ് അറ്റോർണി ആവശ്യപ്പെട്ട് ഭാര്യക്ക് എംബസിയിൽനിന്ന് സന്ദേശമെത്തിയിരുന്നു.
വക്കീലിന് നൽകേണ്ട പ്രതിഫലത്തുകയുടെ കണക്കും പവർ ഓഫ് അറ്റോർണിയുടെ മാതൃകയും അയച്ചുകൊടുത്തു. ആവശ്യപ്പെട്ട രേഖകളെല്ലാം ഷിജി നൽകി. പിന്നീട് 2017ൽ വീണ്ടും പവർ ഓഫ് അറ്റോർണി ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. എന്നാൽ, കേസ് സംബന്ധിച്ചുള്ള ഒരു വിശദാംശവും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. പിന്നീട് പലതവണ എംബസിയുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല. വക്കീലുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്. അപകടം സംബന്ധിച്ച് രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വക്കീൽ നൽകിയ മറുപടി. ഈ മാസം കേസ് കോടതി പരിഗണിക്കുമെന്നും വക്കീൽ അറിയിച്ചു.
ഷിജിക്ക് പാവറട്ടിയിലെ സ്വകാര്യ ലാബിലെ ജോലിയാണ് വിദ്യാർഥികളായ രണ്ട് പെൺമക്കളുള്ള ഈ കുടുംബത്തിെൻറ ആശ്രയം. ഷിജുവിെൻറ പിതാവ് വിമുക്ത ഭടനായ വറുതുണ്ണിയുടെ പെൻഷനും തുണയാകുന്നുണ്ട്. മൂത്ത മകൾ അജീന പ്ലസ് ടുവിനും രണ്ടാമത്തെ മകൾ എയ്ഞ്ചൽ അഞ്ചാം ക്ലാസിലുമാണിപ്പോൾ. വറുതുണ്ണി-പരേതയായ ത്രേസ്യ ദമ്പതികളുടെ ഏക മകനായിരുന്നു ഷിജു. പിതൃസഹോദര പുത്രനായ സേവി പുലിക്കോട്ടിലാണ് പരാതികൾ നൽകാനും അധികൃതരെ ബന്ധപ്പെടാനും സഹായിക്കുന്നത്. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. അധികൃതരും പ്രവാസി സംഘടനകളും ഇടപെട്ട് അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഷിജിയും രണ്ട് പെൺമക്കളും വയോധികനായ പിതാവും അടങ്ങുന്ന കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.